തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിൽ മുൻ എംഎൽഎ പിസി ജോർജിനെതിരായ കേസിൽ അന്വേഷണം തിരുവനന്തപുരം ഫോർട് എസിപിക്ക് കൈമാറി. നേരത്തെ ഫോർട് സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്നു കേസ് അന്വേഷിച്ചത്. അതിനിടെ പിസി ജോർജിന് ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ് പുറത്തുവന്നു. പിസി ജോർജിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തെന്ന് ബോധ്യപ്പെടുത്താൻ പൊലീസിന് കഴിഞ്ഞില്ലെന്നാണ് കോടതി ഉത്തരവിൽ ജാമ്യം അനുവദിക്കാൻ കാരണമായി വ്യക്തമാക്കിയിരിക്കുന്നത്.
പി.സി ജോര്‍ജിനെതിരെ ചുമത്തിയത് പ്രോസിക്യൂഷനെ കേൾക്കാതെ ജാമ്യം നൽകാവുന്ന കുറ്റമാണ്. പി.സി ജോർജിന് ക്രിമിനൽ പശ്ചാത്തലമില്ല, അതുകൊണ്ട് ജുഡീഷ്യൽ കസ്റ്റഡിയിൽവെക്കേണ്ട കാര്യമില്ലെന്നും മുൻ എം.എൽ.എ ഒളിവിൽ പോകുമെന്ന് കരുതുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റിന്റെ കാരണം വ്യക്തമല്ലാത്തതിനാല്‍ ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കുന്നു.
പിസി ജോർജ്ജിന് ലഭിച്ച ജാമ്യം റദ്ദാക്കുന്നതിനുള്ള തുടർ നടപടികള്‍ക്കായി പൊലീസ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടി. മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറി. മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകണോ, അല്ല പിസി ജോർജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ച കാര്യം മജിസ്ട്രേറ്റ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്.
ജാമ്യം ലഭിച്ച പിസി ജോർജ്ജ് മജിസ്ട്രേറ്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ വെച്ച് മതവിദ്വേഷ പരാമർശങ്ങള്‍ വീണ്ടും ആവർത്തിച്ചിരുന്നു. നിയമോപദേശത്തിന് ശേഷമായിരിക്കും നാളെ പൊലീസ് തുടർ നടപടികൾ സ്വീകരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പിസി ജോർജ്ജിന് മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചത് പൊലീസിന് തിരിച്ചടിയായിരുന്നു.

















