കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ലോഗർ റിഫ മെഹ്നുവിന്റെ (22) മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ ആർ.ഡി.ഓ അനുമതി നൽകി.
ദുബായിൽവെച്ച് റിഫയുടെ പോസ്റ്റുമോർട്ടം നടത്തിയെന്ന് പറഞ്ഞ് ഭർത്താവും സുഹൃത്തുക്കളും കബളിപ്പിച്ചതായി കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം ആർഡിഒയ്‌ക്ക് അപേക്ഷ നൽകിയത്. മാർച്ച് ഒന്നാം തീയതിയാണ് റിഫ മെഹ്നുവിനെ ദുബായിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.
നേരത്തെ ഭർത്താവ് മെഹ്നാസിനെതിരെ കാക്കൂർ പൊലീസ് കേസെടുത്തിരുന്നു. മാനസികമായും ശാരീരികമായമുള്ള പീഡനം റിഫയുടെ മരണത്തിന് കാരണമായതായാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. 306, 408 വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
റിഫയെ ദുബൈയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ചാണ് ഖബറടക്കിയത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നില്ല.
10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുട്യൂബിലെയും ഇൻസ്റ്റഗ്രാമിലെയും ലൈക്കിന്‍റെയും സബ്സ്ക്രിപ്ഷന്‍റെയും പേരിൽ മെഹ്നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞിരുന്നു. പിന്നാലെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ അനുമതി തേടിയിരുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹിതരായ റിഫക്കും ഭർത്താവിനും രണ്ട് വയസുള്ള മകനുണ്ട്.

















