ഗതാഗത നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് കേരളത്തിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കാനെടുത്ത തീരുമാനം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI) അഥവാ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന 725 ക്യാമറകളാണ് മോട്ടോർ വാഹന വകുപ്പ് സ്ഥാപിക്കുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള വാഹനയാത്ര, ഹെൽമറ്റ് ധരിക്കാതെയുള്ള ബൈക്കുയാത്ര രണ്ടിലധികം പേർ ചേർന്നുള്ള ഇരുചക്രവാഹന യാത്ര മുതലായ നിയമലംഘനങ്ങൾ 200 മീറ്റർ ദൂരത്തിൽനിന്ന് സ്വയമേ കണ്ടെത്തി പിഴ ചുമത്താൻ സാധിക്കുന്നവയാണ് ഈ ക്യാമറകൾ. മോട്ടോർ വാഹന വകുപ്പിൻറെ ഈ നീക്കത്തിന് പല കോണുകളിൽ നിന്നും ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു.
കുഴികൾനിറഞ്ഞ റോഡുകൾ നന്നാക്കി യാത്ര സുതാര്യമാക്കിയ ശേഷമാവണം പിഴ ചുമത്താനുള്ള പുതിയ നീക്കങ്ങൾ തുടങ്ങേണ്ടത് എന്ന വിമർശനമാണ് കൂടുതലായും സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. കേരളത്തേക്കാൾ മെച്ചപ്പെട്ട റോഡുകളുള്ള അയൽസംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകത്തിലും ട്രാഫിക് നിയമപാലനത്തിനായി ക്യാമറകൾ ഉപയോഗിക്കാത്തപ്പോഴാണ് കേരളം നീക്കവുമായി മുന്നോട്ട് പോകുന്നത് എന്ന ആരോപണവും ശക്തമാണ്. ഇത്തരത്തിലുള്ള ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. “കേരളത്തിൽ നല്ല റോഡില്ല പക്ഷെ ക്യാമെറയുണ്ട്, കേരളം വിട്ടാൽ നല്ല റോഡുണ്ട് പക്ഷെ ക്യാമെറയില്ല’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാൽ ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. തമിഴ്നാട്ടിലും കർണാടകത്തിലും ട്രാഫിക് നിയമപാലനത്തിനായി ക്യാമറകൾ ഉപയോഗിക്കുന്നുണ്ട്.
കോടികൾ മുടക്കിയാണ് മോട്ടോർ വാഹന വകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾ കേരളത്തിൽ സ്ഥാപിക്കുന്നത്. ഇതുപോലെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ട്രാഫിക് നിയന്ത്രണത്തിനായി ക്യാമറകൾ ഉപയോഗിക്കുന്നുണ്ട്. ഇതിൽനിന്ന് ക്യാമറകൾ ഗതാഗത നിയമങ്ങൾക്കായി ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമല്ല കേരളമെന്ന് മനസ്സിലാക്കാനായി. നിലവിൽ ബംഗലുരുവിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ ശരീരത്തിൽ ക്യാമറ ഘടിപ്പിക്കുന്ന രീതിയുണ്ടെന്ന് കണ്ടെത്താൻ സാധിച്ചു. ബംഗലുരു ട്രാഫിക് പോലീസ് കൂടുതൽ ഉദ്യോഗസ്ഥർക്ക് ഇത്തരം ബോഡി ക്യാമറകൾ അനുവദിക്കാനുള്ള നീക്കം നടന്നുവരികയാണ്. ട്രാഫിക് നിയമലംഘകരുടെ കൈയിൽനിന്ന് പിഴയിടാക്കുമ്പോൾ ബോഡി ക്യാമറകൾ ധരിക്കണം. ഉദ്യോഗസ്ഥരുടെ കൃത്യനിഷ്ഠ ഉറപ്പാക്കുന്നതിനൊപ്പം നടപടി സ്വീകരിക്കുമ്പോഴും തെളിവുകൾ രേഖപ്പെടുത്തുമ്പോഴും കൂടുതൽ സുതാര്യത ഉണ്ടാവുന്നു എന്നതുകൊണ്ടാണ് കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് ഇവ എത്തിക്കാൻ ബംഗലുരു പോലീസ് തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അമിതവേഗതത്തിൽ പോകുന്ന വാഹനങ്ങളെ തിരിച്ചറിയാനായി ബാംഗ്ലൂർ പോലീസ് കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടും കണ്ടെത്താനായി. ഇതോടെ എ ഐ സംവിധാനങ്ങൾ ആദ്യമായി ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ് എന്ന വാദം വസ്തുതാവിരുദ്ധമാണെന്ന് ഉറപ്പിക്കാനായി.