കൊച്ചി: പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഗംഭീര അഭിനയം കാഴ്ചവെച്ച ‘ജന ഗണ മന’ കണ്ട പ്രേക്ഷകർക്കാർക്കും ഡി ഐ ജി ഹരീന്ദ്രശർമ്മയെ മറക്കാനാവില്ല. സംഘർഷഭരിതമായ ഔദ്യോഗിക ജീവിതത്തിനിടയിലും സഹപ്രവർത്തകരോട് മനുഷ്യസ്നേഹം തുളുമ്പിനിൽക്കുന്ന ആ കഥാപാത്രത്തെ തിയേറ്റർ വിട്ടിറങ്ങിയാലും നമ്മുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകില്ല. ‘101 ചോദ്യങ്ങൾ’ എന്ന ചിത്രം നിർമ്മിച്ചുകൊണ്ട് ദേശീയപുരസ്ക്കാരം നേടിയ നിർമ്മാതാവും നടനുമായ ടോം കോട്ടക്കകമാണ് ഡി ഐ ജി ഹരീന്ദ്രശർമ്മയ്ക്ക് ജന ഗണ മന യിൽ ജീവൻ നൽകിയത്.
മലയാള സിനിമയിൽ നിർമ്മാണരംഗത്ത് കൈയ്യൊപ്പ് ചാർത്തി വന്ന നടൻ കൂടിയാണ് ടോം കോട്ടക്കകം.പിന്നീട് ശ്രദ്ധേയമായ കുറച്ച് ചിത്രങ്ങളിൽ അഭിനയിച്ചു. പക്ഷേ ജന ഗണ മന തൻറെ സിനിമാ ജീവിതത്തിന് വഴിത്തിരിവാകുകയാണെന്ന് ടോം പറയുന്നു. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത 101 ചോദ്യങ്ങൾ നിർമ്മിച്ചതിലൂടെ ദേശീയ അവാർഡ് ലഭിച്ചു. പക്ഷേ അന്നൊന്നും കിട്ടാത്ത പ്രേക്ഷക സ്വീകാര്യത യാണ് ഇപ്പോൾ എനിക്ക് ലഭിച്ചത്. സിനിമ എനിക്ക് പാഷനാണ്. സിനിമയെ അത്രയേറെ സ്നേഹിക്കുന്നതുകൊണ്ടാണ് നിർമ്മാണവുമായി സിനിമയിലേക്ക് ഇറങ്ങിത്തിരിച്ചത്. ഇതിനിടെ പല പ്രമുഖ നടന്മാർക്കും ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്. ജന ഗണ മന യിലെ ഡിഐജി കഥാപാത്രത്തിലേക്ക് എന്നെ ഒരു സുഹൃത്ത് വഴി ക്ഷണിക്കുകയായിരുന്നു.
പാൻ ഇന്ത്യ ഗണത്തിൽ പെട്ട ഇത്രയും വലിയ സിനിമയിലേക്ക് എന്നെ ക്ഷണിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. എന്നെ ഏൽപ്പിച്ച കഥാപാത്രമായ ഡി ഐ ജി ഹരീന്ദ്രശർമ്മയെ എന്നാൽ കഴിയുംവിധം മനോഹരമായി തന്നെ അവതരിപ്പിച്ചു. കഥാപാത്രത്തിന് ശബ്ദം നൽകിയതും ഞാൻ തന്നെയായിരുന്നു.ചിത്രത്തിൽ വളരെ ഉത്തരവാദിത്വമുള്ള കഥാപാത്രമായിരുന്നു ഡി ഐ ജി ഹരീന്ദ്രശർമ്മ. സംവിധായകൻ ഡിജോ ജോസ് ആൻറണി വലിയ സപ്പോർട്ടാണ് എനിക്ക് നൽകിയത്. ചെറിയ പിശകുകൾ പോലും തിരുത്തി കൂടെ നിർത്തി. രാജുവും സുരാജേട്ടനുമൊക്കെയുള്ള നല്ലൊരു ടീമായിരുന്നു ജന ഗണ മനയുടേത്. വളരെ സന്തോഷത്തോടെ വർക്ക് ചെയ്യാൻ പറ്റുന്ന അന്തരീക്ഷമായിരുന്നു. എല്ലാവർക്കും നല്ല ആത്മവിശ്വാസം നല്കുന്ന സപ്പോർട്ടുമായി സംവിധായകൻ കൂടെനിന്നു. സിനിമാ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒട്ടേറെ അനുഭവങ്ങൾ ജന ഗണ മന യുടെ ലൊക്കേഷൻ എനിക്ക് നല്കിയിട്ടുണ്ട്. സുരാജേട്ടൻ എല്ലാ കാര്യത്തിനും ഫുൾ സപ്പോർട്ടുമായി കൂടെയുണ്ടായിരുന്നു. അങ്ങനെ നല്ലൊരു ടീമിൻറെ സഹകരണം തന്നെയാണ് എനിക്ക് നല്ല രീതിയിൽ ഈ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത്.
വർത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളുടെ പൊളിച്ചെഴുത്താണ് ജന ഗണ മന പറയുന്നത്. മലയാളത്തിൽ ഇന്നേവരെ പരീക്ഷണത്തിന് പോലും തയ്യാറാവാത്ത വിഷയവും സമീപനങ്ങളുമായിരുന്നു ചിത്രത്തിൻറേത്. വളരെ ഗൗരവമുള്ള വിഷയം എല്ലാ പ്രേക്ഷകർക്കും ദഹിക്കുംവിധം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഏറെ ചിന്തിപ്പിക്കുകയും നമ്മുടെ ചുറ്റുപാടുകളിലെ യാഥാർത്ഥ്യങ്ങൾ നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ചിത്രമാണ് ജന ഗണ മന. എല്ലാത്തരത്തിലും മികച്ച ഈ ചിത്രത്തിൻറെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. എനിക്ക് അതിന് അവസരം നല്കിയ സംവിധായകനോടും നിർമ്മാതാക്കളോടും പ്രിയപ്പെട്ട സഹപ്രവർത്തകരോടും ഒത്തിരി നന്ദിയുണ്ട് എന്ന് ടോം കോട്ടക്കകം പറയുന്നു.
















