റാന്നി: നിയന്ത്രണം നഷ്ടപ്പെട്ട കാർ വീടിൻറെ പോർച്ചിൽ കിടന്ന കാറിനു മുകളിലേക്കു മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. മന്ദമരുതി-വെച്ചൂച്ചിറ റോഡിൽ ആനമാടത്തിന് സമീപം പുത്തൻപുരക്കൽ മോഹൻ ജേക്കബിൻറെ വീടിൻറെ മുകളിലേക്കാണ് കാർ പതിച്ചത്.
ഇരുപതടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. കാറിലുണ്ടായിരുന്ന മൂന്നു മാസമായ കുട്ടിയെ പരിക്കേറ്റതിനെ തുടർന്ന് ഇരുപത്താറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണടിശാല മേരികോട്ടേജ് ലീലാമ്മ ഡിക്രൂസ്, മകൻ ബിബിൻ ഡിക്രൂസ്, ഇദ്ദേഹത്തിൻറെ ഭാര്യയും രണ്ടു മക്കളുമാണ് കാറിലുണ്ടായിരുന്നത്. കാറിൽനിന്ന് തെറിച്ചുവീണ കുട്ടിയെ പോർച്ചിൽനിന്നുമാണ് എടുത്തത്. രണ്ടു കാറും നിശ്ശേഷം തകർന്നു. ഞായറാഴ്ച രാത്രി 7.40നാണ് സംഭവം. റാന്നിയിൽനിന്ന് വെച്ചൂച്ചിറക്ക് കയറ്റം കയറി വരുകയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് കാറിനും വീടിനും മുകളിലേക്ക് വീഴുകയായിരുന്നു.
















