പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ രണ്ട് പേർ കൂടി പിടിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്ത, മുഖ്യ പ്രതികൾക്കാവശ്യമായ സഹായം നൽകിയ രണ്ട് പേരാണ് പിടിയിലായത്. കൊലയാളി സംഘത്തിലെ ഒരാളെ ഇന്ന് നേരത്തെ പിടികൂടിയിരുന്നു.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇതിന് പിന്നാലെയാണ് രണ്ട് പേരെ കൂടി കുടുക്കാൻ പൊലീസിന് സാധിച്ചത്. പിടിയിലായ മൂന്നു പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കൊല നടത്തിയത്. ഇവരിൽ മൂന്ന് പേർ ബൈക്കോടിച്ചപ്പോൾ മറ്റ് മൂന്ന് പേർ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടിയും വാഹനമോടിച്ച ഒരു വ്യക്തിയുമാണ് ആറംഗ സംഘത്തിൽ ഇനി പിടിയിലാകാൻ ബാക്കിയുള്ളത്. വെട്ടിയ രണ്ടാമനേയും പിടിച്ചോതെടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 17 ആയി. ഗൂഢാലോചനയിലെ പങ്കാളികളടക്കമുള്ളവരാണ് പിടിയിലായ 17 പേർ.
മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗര മധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇവർ എത്തുന്നതിന് മുൻപ് തന്നെ മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ നാല് പേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്നടക്കം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രതികളിലേക്കെത്തിയത്.

















