മുംബൈ: ഔറംഗബാദിലെ പ്രകോപന പ്രസംഗത്തിൽ മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെയ്ക്ക് എതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി.
നാളെയ്ക്കുള്ളിൽ പള്ളികളിലെ ഉച്ചഭാഷിണി നീക്കിയില്ലെങ്കിൽ പള്ളികൾക്ക് മുന്നിലെത്തി ഹനുമാൻ ചാലിസ പാടുമെന്ന് രാജ് താക്കറെ മുന്നറിയിപ്പ് നൽകിയിരുന്നു.
കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനപ്പൂർവം പ്രകോപനം സൃഷ്ടിച്ചു, ജനങ്ങളെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് രാജ് താക്കറെക്കെതിരെ ചുമത്തിയത്. ഐ.പി.സിയിലെ സെക്ഷന്‍ 153 പ്രകാരമാണ് രാജ് താക്കറെക്കെതിരെ കേസെടുത്തത്. ഔറംഗബാദിലെ പരിപാടിയുടെ സംഘാടകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സംഘർഷ സാധ്യത കണക്കിലെടുത്ത് ക്രമസമാധാനം ഉറപ്പാക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഡി.ജി.പിക്ക് നിർദേശം നൽകി. പ്രശ്ന സാധ്യതയുള്ള ഇടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ഓഫീസുകളിൽ നിന്ന് പൊലീസ് ഉച്ചഭാഷിണികൾ പിടിച്ചെടുത്തു.
















