കൊച്ചി: പി.ടി തോമസിനെ നെഞ്ചിലേറ്റിയ തൃക്കാക്കരയിലെ ജനങ്ങള്‍ അദ്ദേഹത്തിന് വേണ്ടി തനിക്ക് വോട്ട് ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. പി.ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡിനും ഐക്യ ജനാധിപത്യ മുന്നണിക്കും കടപ്പാടും നന്ദിയും രേഖപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞു. തൃക്കാക്കര മണ്ഡലത്തില്‍ വിജയിച്ച് നൂറ് സീറ്റ് തികയ്ക്കാനിറങ്ങുന്ന എല്‍ഡിഎഫിനെ 99ല്‍ പിടിച്ച് നിര്‍ത്തുമെന്നും ഉമാ തോമസ് പറഞ്ഞു.
പാവപ്പെട്ടവരെ കിടപ്പാടങ്ങളില്‍ നിന്നും കുടിയിറക്കുന്ന സില്‍വര്‍ലൈനെതിരെ പ്രബുദ്ധരായ തൃക്കാക്കരയിലെ ജനങ്ങള്‍ വോട്ടുചെയ്യുമെന്ന് ഉമ തോമസ് പറഞ്ഞു. കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരെ പ്രതികരിക്കുന്ന സ്ത്രീകളെപ്പോലും വലിച്ചിഴയ്ക്കുന്നവര്‍ക്കെതിരെ ജനം തിരിയുമെന്നും ഉമ തോമസ് പറഞ്ഞു.
മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമിട്ടെന്ന് ഉമ തോമസ് വ്യക്തമാക്കി. എല്‍ഡിഎഫിനെ 100 സീറ്റ് കടക്കാന്‍ താന്‍ അനുവദിക്കില്ലെന്ന് ഉമ തോമസ് വ്യക്തമാക്കി. തൃക്കാക്കരയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോരില്ല. മുതിര്‍ന്ന നേതാക്കളെ നേരില്‍ കാണുമെന്നും വയലാര്‍ രവിയോട് ഫോണില്‍ സംസാരിച്ചെന്നും ഉമ തോമസ് വ്യക്തമാക്കി.
നിലപാടുകളുടെ രാജകുമാരനായാണ് പി.ടി പ്രവര്‍ത്തിച്ചത്. അതേ മാതൃക ഏറ്റെടുത്തായിരിക്കും തന്റെ പ്രവര്‍ത്തനം. പിടി തോമസ് മണ്ഡലത്തില്‍ പൂര്‍ത്തിയാക്കാനാകാതെ ബാക്കി വെച്ച് പോയ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. എല്‍ഡിഎഫ് എത്ര ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാലും രാഷ്ട്രീയമായി നേരിടും. ആദ്യഘട്ടത്തില്‍ മത്സരിക്കില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും പി.ടി പോയ ശേഷം കരുത്തായി മുന്നോട്ട് നയിച്ചത് ബന്ധുക്കളും ഒപ്പം പ്രസ്ഥാനവുമാണ്. ആ പ്രസ്ഥാനം ആവശ്യപ്പെട്ടാല്‍ തനിക്ക് മറ്റൊന്നും ചിന്തിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.

















