കൊച്ചി :മോട്ടോർ വാഹന നിയമലംഘനങ്ങൾ തെളിവ് സഹിതം കണ്ടെത്തി കാര്യക്ഷമമായി തടയുന്നതിനായി സ്ഥാപിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ എറണാകുളം ജില്ലയിൽ പ്രവർത്തിച്ചുതുടങ്ങി. രാവും പകലും നിരീക്ഷണത്തിനായി 100 എ ഐ ക്യാമറകളാണ് ജില്ലയിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ 64 എണ്ണമാണ് ഇപ്പോൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ച് നടപടി സ്വീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
എ ഐ ക്യാമറകൾ ശേഖരിച്ച ചിത്രങ്ങൾ നാളെ മുതൽ തന്നെ വാഹന ഉടമകളുടെ പേരിൽ നോട്ടീസായി അയയ്ക്കാൻ തുടങ്ങും. പിഴ ഓൺലൈനായി അടയ്ക്കുന്നതിന് 30 ദിവസം വരെ സൗകര്യമുണ്ട്. എന്നാൽ 30 ദിവസം കഴിഞ്ഞും പിഴ അടച്ചില്ലെങ്കിൽ കേസ് കോടതിയിലെത്തും. പിന്നീട് കേന്ദ്ര നിയമപ്രകാരമുള്ള ഇരട്ടി പിഴയാകും നൽകേണ്ടിവരിക. 30 ദിവസങ്ങൾക്കുള്ളിൽ പിഴ തുക അക്ഷയ കേന്ദ്രങ്ങൾ വഴിയും അടയ്ക്കാൻ സാധിക്കും.
അതിവേഗത്തിലുള്ള സഞ്ചാരം മാത്രമാണ് പഴയ ക്യാമറകൾ ഒപ്പിയെടുത്തിരുന്നത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കൽ തുടങ്ങിയവയും പുതിയ എ ഐ ക്യാമറകളിലൂടെ അറിയാൻ സാധിക്കും.
















