ബംഗളൂരു: രാജസ്ഥാനിലെ ജോധ്പൂരിൽ ഇരുവിഭാഗങ്ങളിൽ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. തിങ്കളാഴ്ച അർധരാത്രിക്കുശേഷമാണ് ജോധ്പുരിലെ ജലോരി ഗേറ്റ് പ്രദേശത്താണ് കല്ലേറിനെതുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഈദുൽ ഫിത്തറുമായി ബന്ധപ്പെട്ട് ബലമുകുന്ദ് ബിസ്സ സർക്കിളിൽ മതപരമായ കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കല്ലേറിലും സംഘർഷത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പൊലീസെത്തി ലാത്തിചാർജ് നടത്തിയെങ്കിലും സംഘർഷത്തിന് അയവുണ്ടായില്ല. തുടർന്ന് ടിയർ ഗ്യാസുകൾ ഉൾപ്പെടെ പ്രയോഗിച്ചു. കല്ലേറിലും സംഘർഷത്തിലുമായി പൊലീസുകാർക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
സംഭവത്തെതുടർന്ന് പ്രദേശം പൊലീസ് നിയന്ത്രണത്തിലാക്കി. തിങ്കളാഴ്ച അർധ രാത്രി ആരംഭിച്ച സംഘർഷം ചിലയിടങ്ങളിൽ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. സംഘർഷത്തെതുടർന്ന് ജോധ്പൂരിലെ ഇൻറർനെറ്റ് ബന്ധം സർക്കാർ താൽക്കാലികമായി വിച്ഛേദിച്ചു. നഗരത്തിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനാണ് മുൻകരുതൽ എന്ന നിലയിൽ ഇൻറർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവെച്ചതെന്ന് അധികൃതർ അറിയിച്ചു.
















