തിരുവനന്തപുരം: മൂല്യനിർണ്ണയത്തിനുള്ള ഉത്തരക്കടലാസുകളുടെ എണ്ണം അശാസ്ത്രീയമായി വർദ്ധിപ്പിച്ച നടപടിക്കെതിരെയും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തര സൂചികകളിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചതിന്റെയും പേരിൽ അദ്ധ്യാപക സംഘടനകളെ കൂച്ചുവിലങ്ങിടാൻ വിദ്യാഭ്യസ മന്ത്രി ശ്രമിക്കുകയാണെന്നും ഇത് ദൗർഭാഗ്യകരമാണെന്നും കെ എച്ച് എസ് ടി യു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിമർശിച്ചു.
ജനാധിപത്യ ഭരണകൂടത്തിലെ വിദ്യാഭ്യാസ മന്ത്രി ഏകാധിപത്യത്തിന്റെ സ്വരമുയർത്തി, അദ്ധ്യാപക സംഘടനകളുടെ വായ മൂടിക്കെട്ടാൻ ശ്രമിക്കരുത്. അക്കാദമിക വിഷയങ്ങളിൽ അദ്ധ്യാപകർ നിർഭയമായി അഭിപ്രായങ്ങൾ പറയുക തന്നെ ചെയ്യും. പൊതു പരീക്ഷകൾ സുതാര്യമായും വിശ്വാസ്യതയോടും നടത്തുവാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് സംഭവിച്ച വീഴ്ചകൾ തിരുത്തേണ്ടതിനു പകരം ജനാധിപത്യ വിരുദ്ധമായി അച്ചടക്കത്തിന്റെ വാളുയർത്താൻ വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നത് പരിഹാസ്യമാണെന്നും കെ എച്ച് എസ് ടി യു (കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ) വ്യക്തമാക്കി.

















