പാലക്കാട് നടന്ന രണ്ട് കൊലപാതകങ്ങള്‍ക്ക് ശേഷം ജില്ലയില്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് ഇവിടെ കൊല്ലപ്പെട്ടത്. ആര്‍എസ്എസ് നേതാവിന്റെ കൊലയാളികളെ പിടിക്കാന്‍ സാധിക്കാത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റസമ്മതം നടത്തുന്നു എന്ന രീതിയില്‍ ഒരു പ്രചാരണം സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ സജീവമാണ്. ‘കേരളത്തിലെ ആഭ്യന്തരവകുപ്പിനെ കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നു… എന്തുവാടെ വിജയ ഇങ്ങക്ക് പറ്റിയത്… ???? ബുദ്ധിയില്ലേലും ബോധം എന്ക്കിലും വേണ്ടേ….’ എന്നുള്ള കുറിപ്പോടെയാണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്.
ഏഷ്യനെറ്റ് ന്യൂസ് നല്‍കിയ ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രിയുടെ പഴയ വീഡിയോ എഡിറ്റ് ചെയ്താണ് ഈ പോസ്റ്റർ പ്രചരിപ്പിക്കുന്നത്. പ്രചരിക്കുന്ന പോസ്റ്റിലുള്ളത് ഏഷ്യനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. 16.04.2022ല്‍ നല്‍കിയ പോസ്റ്റില്‍ മുഖ്യമന്ത്രിയുടെ ഒരു വീഡിയോ കാണാനാകും. ഒപ്പം ‘പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് നേതാവിനെ വെട്ടി ശ്രീനിവാസനാണ് വെട്ടേറ്റത്’ എന്ന ബ്രേക്കിംഗ് ന്യൂസാണുള്ളത്. അതുകൊണ്ടുതന്നെ ഇതോടൊപ്പം മുഖ്യമന്ത്രിയുടെ പ്രതികരണം വരാന്‍ സാധ്യതയില്ല എന്നുറപ്പാണ്. മാത്രമല്ല ആഭ്യന്തര വകുപ്പിനെ അദ്ദേഹം വിമര്‍ശിക്കുന്നതും സത്യമാകാന്‍ വഴിയില്ല. ഏഷ്യനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോള്‍ യഥാര്‍ഥ ന്യൂസ് കാര്‍ഡില്‍ ഈ വീഡിയോ ഇല്ലെന്ന് മനസിലായി. ഇതില്‍ നിന്ന് വാര്‍ത്ത എഡിറ്റ് ചെയ്തതാണെന്ന് മനസിലായി. എങ്കിലും മുഖ്യമന്ത്രിയുടെ പ്രതികരണം ഏത് സാഹചര്യത്തിലുള്ളതാണെന്ന് ഒന്ന് പരിശോദിച്ചു.
‘ആഭ്യന്തരവകുപ്പിനാണ് വീഴ്ച പറ്റിയിരിക്കുന്നത്. ആഭ്യന്തരമന്ത്രി, സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നാണ് വന്നയിടത്തോളം സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്. ‘എന്നാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വീഡിയോയില്‍ പിണറായി വിജയന്റെ പ്രതികരണം. എന്നാൽ ഇത് 2021ല്‍ ഷെയര്‍ ചെയ്യപ്പെട്ടതായി വെക്തമായി. 2016 ഏപ്രില്‍ 13ന് ഈ വീഡിയോ മീഡിയ വണ്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട പ്രതികരണമായിരുന്നു ഇത്. ‘പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ആഭ്യന്തരവകുപ്പിനും ആഭ്യന്തര മന്ത്രിക്കും വീഴ്ച പറ്റിയെന്ന് പിണറായി വിജയന്‍. ആഭ്യന്തര മന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല.’ എന്ന കുറിപ്പിനൊപ്പം ആണ് ആ വീഡിയോ ഉള്ളത്. ലഭ്യമായ വിവരങ്ങളില്‍ നിന്ന് പാലക്കാട് കൊലപാതകങ്ങളില്‍ ആഭ്യന്തരവകുപ്പ് പരാജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിച്ചു എന്ന രീതിയിലുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇതോടെ വ്യക്തമാണ്.