കെ-റെയില്‍ സര്‍വ്വെ ആരംഭിച്ചതു മുതല്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്. ആശങ്കകള്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയെങ്കിലും ഇക്കാര്യം ജനങ്ങളിലെത്തിയില്ലെന്നാണ് കഴക്കൂട്ടത്ത് നടന്ന പ്രതിഷേധം വ്യക്തമാക്കുന്നത്. കഴക്കൂട്ടത്ത് സര്‍വ്വെയ്ക്കിടെയുണ്ടായ സംഘര്‍ഷം വാര്‍ത്തയായതിനു തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിഷയവുമായി ബന്ധപ്പെട്ട പ്രചാരണം സജീവമാണ്. അത്തരത്തിലൊന്നാണ് സമരക്കാര്‍ പൊലീസിനെ ആക്രമിക്കുന്ന ചിത്രം എന്ന രീതിയില്‍ പ്രചരിക്കുന്നത്. ‘കെ റെയില്‍ വിരുദ്ധ കോണ്‍ഗ്രസ്സ് ക്രിമിനലുകളെ ചവിട്ടിയപ്പോ കണ്ണീരൊലിപ്പിച്ചവര്‍, ഇതും കൂടി കണ്ടിട്ട് പോയാ മതി’ എന്നുള്ള കുറിപ്പിനൊപ്പമാണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന ചിത്രം കെ-റെയില്‍ പ്രതിഷേധ സമരത്തില്‍ നിന്നുള്ളതല്ല.
ചിത്രം വിശദമായി പരിശോധിച്ചപ്പോൾ നിരവധി വെബ്‌സൈറ്റുകളില്‍ ഈ ചിത്രം കാണാനായി. ഇതില്‍ നിന്ന് മനസിലാക്കാനായത് ഈ ചിത്രം ഇപ്പോഴത്തെ കെ-റെയില്‍ സമരത്തിന്റെതല്ലെന്നാണ്. 2021 ഫെബ്രുവരി 18ന് നല്‍കിയ ഒരു മാധ്യമ വാര്‍ത്തയില്‍ പറയുന്നത് സെക്രട്ടറേയറ്റ് മാര്‍ച്ചിനിടെ കെഎസ് യു പ്രവര്‍ത്തകരാണ് പൊലീസുകാരനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചതെന്നാണ്. പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയ കെഎസ്‌യു പ്രവര്‍ത്തകരാണ് പൊലീസിനെ മര്‍ദ്ദിച്ചത്. അഞ്ചോളം പൊലീസുകാര്‍ക്ക് പരിക്കേറ്റ സംഭവം ഏറെ വിവാദമായതായും വാര്‍ത്തയില്‍ നിന്ന് മനസിലാക്കാനായി.
പൊലീസിനെ അക്രമിച്ച സംഭവത്തെ മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശിച്ചിരുന്നു. മറ്റു മാധ്യമങ്ങളും കെഎസ് യുവിന്റെ സെക്രട്ടേറിയറ്റ് സമരത്തെപ്പറ്റി വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഇതേ ദിവസം തന്നെ നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളിലും ഈ ചിത്രം പങ്കിട്ടിരുന്നു. ഇതോടെ പ്രചരിക്കുന്ന ഈ ചിത്രം കെ-റെയില്‍ സമരവുമായി ബന്ധപ്പെട്ടതല്ലെന്നും ഇത് കഴിഞ്ഞ വര്‍ഷം സെക്രട്ടേറിയറ്റ് നടയില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിന്റെതാണെന്നും വ്യക്തമാണ്.