കൊച്ചി: ഹണിട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ സഹോദരന്മാർ അറസ്റ്റിൽ. സ്ത്രീശബ്ദത്തിൽ സംസാരിച്ച് ഹണിട്രാപ്പ് ഒരുക്കിയവരാണ് പിടിയിലായത്. കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണനും ഗിരികൃഷ്ണനുമാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.
ഫെയ്സ്ബുക്കില്‍ യുവതിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് പ്രതികള്‍ ഹണിട്രാപ്പ് ഒരുക്കിയത്. കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനി മാനേജര്‍ക്കാണ് ഹണിട്രാപ്പിലൂടെ പണം നഷ്ടമായത്. സ്ത്രീ ശബ്ദത്തില്‍ സംസാരിച്ച് സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പരാതിക്കാരനില്‍നിന്ന് ഇവര്‍ പണംതട്ടിയതെന്നും പോലീസ് പറഞ്ഞു.
പ്രത്യേക ആപ്പ് ഉപയോഗിച്ച് സൗണ്ട് മാറ്റി യുവാവിന് ശബ്ദ സന്ദേശമയച്ച് വിശ്വസിപ്പിച്ചു. തുടർന്ന് തന്ത്രപൂർവ്വം ഇയാളുടെ നഗ്ന ദൃശ്യം കൈക്കലാക്കി, ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. 46 ലക്ഷത്തി നാൽപ്പത്തി എണ്ണായിരം രൂപയാണ് വിവിധ ബാങ്ക് അക്കൗണ്ടിലൂടെ മരട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്.
തന്റെ ഭര്‍ത്താവിനെ സ്ത്രീകള്‍ തുടര്‍ച്ചയായി വിളിക്കുന്നതും അവര്‍ക്ക് പണം നല്‍കുന്നതും അറിഞ്ഞ് പരാതിക്കാരന്റെ ഭാര്യയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മരട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീകളുടെ ശബ്ദത്തില്‍ സംസാരിക്കുന്നത് ഹരികൃഷ്ണനും ഗിരികൃഷ്ണനുമാണെന്ന് കണ്ടെത്തിയത്.
കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ച് വരികയാണ്. നിലവിൽ മറ്റ് പരാതികൾ ലഭിച്ചിട്ടില്ലെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മരട് പോലീസ് അറിയിച്ചു.