ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനമുയരുന്നു.
മുഖ്യമന്ത്രിമാരുടെ കോവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്യവേയാണ് കെജ്രിവാൾ, ഇരുകൈകളും ഉയർത്തി തലയ്ക്കു പിന്നിലായി കസേരയിൽ ചേർത്തുവച്ചുകൊണ്ട് അലസഭാവത്തിൽ ഇരിക്കുന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ബിജെപി പുറത്തു വിട്ടു.
‘ഡൽഹിയുടെ മര്യാദയില്ലാത്ത മുഖ്യമന്ത്രി’ എന്ന ശീർഷകത്തിൽ ഡൽഹി ബിജെപി ഘടകമാണ് കേജ്‌രിവാളിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തത്.
കേജ്‍രിവാളിനെതിരെ ഡൽഹി ബിജെപി വക്താവ് നവീൻ കുമാർ ജിൻഡൽ രംഗത്തെത്തിയിരുന്നു. ‘‘എന്ത് സംസ്‍കാരമാണ് ഇതെന്ന് എനിക്കു മനസിലാകുന്നില്ല. ഇത്രയും പ്രധാനപ്പെട്ട ഒരു യോഗത്തിൽ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ഇയാൾക്ക് അറിയില്ലേ? നാണമില്ലാത്ത മനുഷ്യൻ’ – ജിൻഡൽ പ്രതികരിച്ചു. എങ്ങനെ പെരുമാറണമെന്ന് കേജ്‌രിവാളിനെ പഠിപ്പിക്കണമെന്ന് ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗ പറഞ്ഞു.
തീർത്തും മര്യാദയില്ലാത്ത പെരുമാറ്റം വഴി കേജ്‌രിവാൾ സ്വയം അപഹാസ്യനാകുകയാണെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ വിമർശിച്ചു.
എന്നാൽ, സംഭവത്തിൽ അരവിന്ദ് കേജ്‌രിവാളോ ആംആദ്മി പാര്‍ട്ടിയോ പ്രതികരിച്ചിട്ടില്ല.
















