ബുര്‍ജ് ഖലീഫയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. വിശേഷ അവസരങ്ങളില്‍ പലപ്പോഴും ബുര്‍ജ് ഖലീഫ ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കാറുണ്ട്. പല രാജ്യങ്ങളെയും ആദരിക്കുന്നതിന് ഇത്തരം ലൈറ്റിംഗ് യുഎഇ അധികൃതര്‍ ഉപയോഗിക്കാറുമുണ്ട്. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചുകൊണ്ട് ബുര്‍ജ് ഖലീഫയില്‍ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്തു എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. ‘റംസാന്‍ മാസത്തില്‍ നരേന്ദ്ര മോദിജിയുടെ ഇന്ത്യന്‍ മുസ്ലിങ്ങളോടുള്ള കരുതലിനും സഹായത്തിനും നന്ദി അറിയിച്ചു കൊണ്ട് ഇന്നലെ നോമ്പ് തുറ സമയത്ത് ദുബായിലെ ബുര്‍ജ് ഖലീഫയില്‍ മോദിജിയുടെ ചിത്രം തെളിഞ്ഞപ്പോള്‍??? ഇത് അഭിമാന നിമിഷം.’ എന്നുള്ള കുറിപ്പിനൊപ്പമാണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന ഈ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ ചിത്രം സത്യമല്ല.
പ്രചരിക്കുന്ന പോസ്റ്ററിലെ കുറിപ്പില്‍ പറയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ മുസ്ലീംങ്ങളോട് കാണിക്കുന്ന കരുതലിനും സഹായത്തിനും നന്ദി അറിയിച്ചുകൊണ്ട് യുഎഇ അധികൃതര്‍ ഇടപെട്ടാണ് മോദിയുടെ ചിത്രം ബുര്‍ജ് ഖലീഫയില്‍ ആലേഖനം ചെയ്തതെന്നാണ്. എന്നാൽ ബുര്‍ജ് ഖലീഫയില്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്യുമ്പോള്‍ അത് വാര്‍ത്തയാകാറുണ്ട്. സ്വാഭാവികമായും മോദിയുടെ ചിത്രം ഇത്തരത്തില്‍ വന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ അത് റിപ്പോർട്ട് ചെയ്യും. എന്നാല്‍ ഇതു സംബന്ധിച്ച് അടുത്തകാലത്തൊന്നും ഒരു വാര്‍ത്തയും മാധ്യമങ്ങൾ നൽകിയിട്ടില്ല. എന്നാല്‍ 2018ല്‍ സമാനമായ രീതിയിലുള്ള ഒരു വാര്‍ത്ത വന്നതായി ശ്രദ്ധയില്‍പ്പെട്ടു. അന്ന് മോദിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച് ബുര്‍ജ് ഖലീഫയില്‍ ത്രിവര്‍ണ്ണ പതാകയാണ് ആലേഖനം ചെയ്തത്. ഇത് യുഎഇ മോദിക്ക് നല്‍കിയ ആദരവാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ വസ്തുതയറിയാന്‍ ചിത്രം ഗൂഗിളിൽ സെര്‍ച്ച് ചെയ്തു. എന്നാൽ ഇത്തരം ഒരു ചിത്രം കണ്ടത്താനായില്ല. ഇതോടെ പോസ്റ്ററിൽ പ്രചരിക്കുന്ന മോദിയുടെ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി.