തൃക്കാക്കര: സിനിമാ നിർമാതാവ് ടി എ സിറാജ്ജുദീൻ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിയിൽ. തൃക്കാക്കര സ്വദേശിയാണ് ടി എ സിറാജ്ജുദ്ദീൻ ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് പിടിയിലായത്.
ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസിൽ രണ്ടാം പ്രതി ഷാബിൻ പിടിയിലായതിന് തൊട്ടുപിന്നാലെയാണ് സിറാജുദ്ദീനും പിടി വീഴുന്നത്. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിൻ.
ഇറച്ചിവെട്ടുയന്ത്രത്തിനുള്ളിൽ വെച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങി കാറിൽ പോകാൻ ശ്രമിക്കവേ ഇവരെ പിന്തുടർന്നാണ് രണ്ടേകാൽ കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്. കാറിന്റെ ഡ്രൈവർ നകുലിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.
സ്വർണ്ണം എത്തിയ കൺസൈമെന്റ് തൃക്കാക്കര തുരുത്തേൽ എന്റർപ്രൈസിസിന്റെ പേരിലായിരുന്നു. ഈ സ്ഥാപനത്തിന്റെ ഉടമയാണ് സിറാജുദ്ദീൻ.