പത്തനംതിട്ട: ഫ്രിഡ്ജ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് മനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കയ്യും കാലും കെട്ടി കിണറ്റിലെറിഞ്ഞ് കൊന്നു. പത്തനംതിട്ട കുഴിക്കാലയിൽ റെനിലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാതൃസഹോദരനായ മാത്യു തോമസും ഇയാളുടെ മകൻ റോബിനും പൊലീസ് പിടിയിലായി.
കഴിഞ്ഞ ദിവസം രാവിലെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയതെങ്കിലും പൊലീസ് എത്തി മൃതദേഹം കരക്കെത്തിച്ചപ്പോഴാണ് കൊലപാതകമാണെന്ന് ബോധ്യമായത്.റെനിൽ മാതൃസഹോദരൻ മാത്യു തോമസിന്റെ വീട്ടിൽ ഉണ്ടായിരുന്ന ഫ്രിഡ്ജ് മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഉണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
















