ന്യൂഡൽഹി: വെള്ളമെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവ് അയൽവാസിയായ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തെക്കൻ ഡൽഹിയിലെ വസന്ത് കുഞ്ച് ഏരിയയിൽ ദലിത് ഏകതാ ക്യാമ്പിലാണ് സംഭവം. അർജുൻ എന്നയാളാണ് പ്രതി. 48കാരിയായ ശ്യാംകല എന്ന സ്ത്രീയാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ആറിന് ശ്യാംകല വീടിന് പുറത്ത് വെള്ളമെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. അയൽവാസിയായ അർജുൻ സംഭവ സ്ഥലത്തെത്തുകയും വെള്ളമെടുക്കുന്നതിനെ ചൊല്ലി വഴക്കാരംഭിക്കുകയുമായിരുന്നു.
വഴക്കിനൊടുവിൽ അർജുൻ വലിയ കത്തിയുമായി വന്ന് യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ശ്യാംകലയുടെ ഭർത്താവിനെയും മകനെയും പ്രതി ആക്രമിച്ചു. ആക്രമണത്തിൽ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അർജുന് നേരത്തെ തന്നെ ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്നും അയൽവാസികളുമായി വഴക്കിടാറുണ്ടെന്നും പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു.
















