ആലപ്പുഴ: കോവിഡിൽ രണ്ടുവർഷത്തോളം അടഞ്ഞുകിടന്ന ആലപ്പുഴ ലൈറ്റ് ഹൗസ് മിഴിതുറക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും മാറിയതോടെ മേയ് ഒന്നുമുതൽ ആലപ്പുഴയിലെ പൈതൃക സ്മാരകമായ വിളക്കുമാടത്തിൽ കയറി സഞ്ചാരികൾക്ക് ആകാശക്കാഴ്ച ആസ്വദിക്കാം. രാവിലെ ഒമ്പത് മുതൽ 11.45 വരെയും ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് 5.30വരെയുമാണ് പ്രവേശനം.
മുതിർന്നവർക്ക് 20രൂപയും കുട്ടികൾക്കും മുതിർന്നപൗരന്മാർക്കും 10രൂപയും വിദേശികൾക്ക് 50രൂപയുമാണ് നിരക്ക്. തിങ്കളാഴ്ച അവധിയാണ്. 2020 മാർച്ചിലാണ് കോവിഡ് വ്യാപനത്തിൽ കേന്ദ്രസർക്കാറിൻറെ നിയന്ത്രണത്തിലുള്ള ലൈറ്റ് ഹൗസിൻറെ വാതിലുകൾ അടഞ്ഞത്.
വൃത്താകൃതിയിൽ ചുവപ്പും വെള്ളയും കലർന്ന നിറങ്ങൾ നൽകിയ സ്തംഭത്തിൽ കയറിയാൽ ആലപ്പുഴ ബീച്ചും പട്ടണത്തിലെ കായലും നഗരത്തിലെ കെട്ടിട സമുച്ചയങ്ങളുമെല്ലാം ദൃശ്യമാവും. 28 മീറ്റർ ഉയരത്തിൽ വൃത്താകൃതിയിലുള്ള സ്തംഭത്തിന് അകത്തെ കുത്തനെയുള്ള കോണിപ്പടികൾ കയറിയാണ് മുകളിലെത്തുന്നത്. ഒരുമീറ്റർ അകലം ഇല്ലാത്ത പടികളാണ് ഉള്ളത്.
അതിനാൽ ഒരാൾ കയറുകയും മറ്റൊരാൾ ഇറങ്ങുകയും ചെയ്യുന്ന രീതിയിലാണ് സഞ്ചാരം. ഇതിനൊപ്പം സജ്ജമാക്കിയ മ്യൂസിയത്തിലെ കാഴ്ചകളും ഹൃദ്യമാണ്. 1960 ആഗസ്റ്റ് നാലിനാണ് നിലവിലെ സ്തംഭം ഉപയോഗത്തിൽവന്നത്.
















