മരിയുപോള്‍: യുക്രൈന്‍ നഗരമായ മരിയുപോളിലെ അസോവ്സ്റ്റാൽ ഉരുക്കുപ്ലാന്‍റില്‍ റഷ്യ ബോംബിട്ടു. ഉരുക്കുപ്ലാന്‍റ് ഒഴികെയുള്ള മരിയുപോളിന്‍റെ ഭാഗങ്ങൾ നിയന്ത്രണത്തിലാക്കിയതായി റഷ്യ അവകാശപ്പെട്ടിരുന്നു. ഉരുക്കുപ്ലാന്‍റിൽ 2000ത്തോളം യുക്രൈന്‍ സൈനികരാണ് ചെറുത്തുനിൽക്കുന്നത്.
നിരവധി തദ്ദേശവാസികൾ ഉരുക്കു പ്ലാന്‍റിനുള്ളിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. വ്യോമാക്രമണത്തിലൂടെ പ്ലാന്‍റ് ഇടിച്ചുനിരപ്പാക്കാനാണ് റഷ്യയുടെ പദ്ധതിയെന്ന് യുക്രൈന്‍ സായുധസേനാ മേധാവി വെളിപ്പെടുത്തി. യുദ്ധം തുടങ്ങി ആഴ്ചകൾക്കകം റഷ്യൻ സേന മരിയുപോൾ വളഞ്ഞിരുന്നു. ഇവിടെ പോരാട്ടം അവസാനിക്കുന്നതോടെ ആയിരങ്ങളെ കൊലപ്പെടുത്തിയതിന് റഷ്യ മറുപടി പറയേണ്ടി വരുമെന്ന് യുക്രൈന്‍ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി. മരിയുപോളിൽ ഒഴിപ്പിക്കലിനായി ആക്രമണം നിർത്തണമെന്ന് യു.എൻ ആവശ്യപ്പെട്ടു. നഗരത്തിലെ രണ്ടിടങ്ങളിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.
















