കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരനെ ശരീരത്തിൽ ഒളിപ്പിച്ച സ്വർണമിശ്രിതവുമായി പൊലീസ് പിടികൂടി. കൊണ്ടോട്ടി തുറക്കൽ ടി.ബി റോഡ് സ്വദേശി നരനാട് മുഹമ്മദ് ആസിഫാണ് (26) വിമാനത്താവള പരിസരത്ത് കരിപ്പൂർ പൊലീസിന്റെ പ്രത്യേക പരിശോധനയിൽ പിടിയിലായത്. ഇയാളിൽനിന്ന് ശരീരത്തിനകത്ത് നാല് കാപ്സ്യൂളുകളിലായി ഒളിപ്പിച്ചുകൊണ്ടുവന്ന 41.95 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കണ്ടെടുത്തു. അബൂദബിയിൽനിന്ന് ഞായറാഴ്ച പുലർച്ച 4.30ന് എയർ അറേബ്യ വിമാനത്തിൽ കരിപ്പൂരിലെത്തിയതായിരുന്നു ആസിഫ്. വിമാനത്താവളത്തിലെ പരിശോധനകൾ പൂർത്തിയാക്കി പുറത്തിറങ്ങിയ ഇയാളെ സംശയത്തെ തുടർന്ന് ടെർമിനലിന് പുറത്തെ സഹായ കേന്ദ്രത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ച് നടത്തിയ എക്സ്റേ പരിശോധനയിലാണ് കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച 851 ഗ്രാം സ്വർണമിശ്രിതം കണ്ടെത്തിയത്.
തുടർന്ന് നാല് കാപ്സ്യൂളുകളും പുറത്തെടുത്തു. തുടരന്വേഷണത്തിനായി കസ്റ്റംസിന് കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ സ്വീകരിക്കാനെത്തിയവരെ പിടികൂടാനായിട്ടില്ല. പൊലീസ് ഇടപെടൽ മനസ്സിലാക്കി കൂട്ടുപ്രതികൾ രക്ഷപ്പെട്ടെന്നാണ് നിഗമനം.

















