വാഷിങ്ടൺ: അതിശക്തമായ കാറ്റിൽ പടരുന്ന കാട്ടുതീയിൽ ന്യൂ മെക്സികോയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വ്യാപക നഷ്ടം. നിരവധി കെട്ടിടങ്ങൾ അഗ്നിക്കിരയായി. പർവതനിരകൾക്കു താഴെയുള്ള ഗ്രാമങ്ങളിൽ താമസിക്കുന്ന ആയിരത്തോളം പേരെ ഒഴിപ്പിച്ചു. യു.എസിന്റെ തെക്കു പടിഞ്ഞാറൻ മേഖലയിൽ കാട്ടുതീ ശക്തിപ്രാപിക്കുകയാണ്. രണ്ടുപേർ മരിച്ചതായും റിപ്പോർട്ടുണ്ട്.
ന്യൂ മെക്സികോയിലെ ലാസ് വെഗാസിൽ മണിക്കൂറിൽ 121 കി.മീ വേഗത്തിൽ വീശിയടിച്ച കാറ്റിൽ 24 കി.മീ ദൂരമുള്ള വനത്തിലൂടെയെത്തി ഇരുന്നൂറോളം കെട്ടിടങ്ങളാണ് തകർത്തതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കാട്ടുതീ രൂക്ഷമാകുന്ന സാഹചര്യത്തിൽ കോൾഫാക്സ്, ലിങ്കൺ, സാൻ മിഗുഎൽ, വലെൻസിയ എന്നിവിടങ്ങളിൽ ഗവർണർ ലുജാൻ ഗ്രിഷാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയുണ്ടായ കൊടുങ്കാറ്റിൽ പുതുതായി 20 തീപിടിത്തങ്ങൾ സംസ്ഥാനത്ത് ഉണ്ടായെന്നും അവർ അറിയിച്ചു.
















