കണ്ണൂര്‍: പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയും ആര്‍എസ്എസ് നേതാവുമായ നിജില്‍ ദാസിന് വാടകവീടു നല്‍കിയതില്‍ പിടിയിലായ രേഷ്മ നിയമനടപടിക്ക് ഒരുങ്ങുന്നു. പൊലീസ് പറയുന്നത് കെട്ടിച്ചമച്ച കഥകളെന്ന് രേഷ്മയുടെ അഭിഭാഷകന്‍ ആരോപിക്കുന്നു. നവമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിക്കുകയാണ്. രേഷ്മയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണ്. ജാമ്യം കിട്ടാവുന്ന കേസില്‍ റിമാന്‍ഡ് പാടില്ല. നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.
അതേസമയം, നിജില്‍ ദാസിന് ഒളിവില്‍ കഴിയാന്‍ വീട് വിട്ടുനല്‍കിയ രേഷ്മയെ സംരക്ഷിക്കുന്നത് ബിജെപിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ വ്യക്തമാക്കി. രേഷ്മയെ ജാമ്യത്തിലിറക്കാനെത്തിയത് ബിജെപി തലശേരി മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്. രേഷ്മയ്ക്കുവേണ്ടി ഹാജരായത് അഭിഭാഷക പരിഷത്ത് നേതാവാണ്. രേഷ്മയുടെ ആര്‍എസ്എസ് ബന്ധത്തിന് ഇതില്‍ കൂടുതല്‍ തെളിവു വേണ്ട. രേഷ്മ പൊലീസിനു നല്‍കിയ മൊഴിയിലും ബിജെപി ബന്ധം വ്യക്തമാണ്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞാണ് നിജില്‍ ദാസിന് താമസിക്കാന്‍ സ്ഥലം നല്‍കിയതെന്നും ജയരാജന്‍ വ്യക്തമാക്കി.

















