തിരുവനന്തപുരം: കെ റെയില്‍ കുറ്റി സ്ഥാപിക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകൻ ജോയുടെ മുഖത്ത് പൊലീസുകാരന് അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മംഗലപുരം സ്റ്റേഷനിലെ പൊലിസുകാരൻ ഷബീറാണ് പ്രതിഷേധക്കാരന്റെ മുഖത്തടിച്ചത്. ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ ഷബീറിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം ഇയാൾക്കെതിരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. പ്രതിഷേധക്കാരെ ചവിട്ടേണ്ട സാഹചര്യമില്ലായിരുന്നുവെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കെ റെയിൽ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ സംഘർഷമുണ്ടായത്. ഇവരെ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും തടഞ്ഞതോടെ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ പോലീസുകാരൻ ബൂട്ടിട്ട് പ്രവർത്തനെ ചവിട്ടുകയും മുഖത്തടിക്കുയും ചെയ്യുന്നത്. സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതിഷേധം ശക്തമായതോടെ കല്ലിടൽ നടപടികൾ നിർത്തിവച്ച് ഉദ്യോഗസ്ഥർ ഇവിടെനിന്നും മടങ്ങുകയും ചെയ്തു.
പൊലീസ് പ്രവർത്തകരെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെങ്കിലും, ആരെയും മനപൂർവം ഉപദ്രവിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.

















