മലപ്പുറം: ചക്കിന് വെച്ചത് കൊക്കിനുകൊണ്ട അവസ്ഥയിലാണ് സിപിഐഎമ്മെന്ന് മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇപി ജയരാജന്റെ പ്രസ്താവനയിൽ ആശയക്കുഴപ്പം സിപിഐഎമ്മിന് മാത്രമാണ്. യുഡിഎഫിലും ലീഗിലും യാതൊരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്ലിംലീഗെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചത് കാപട്യം മാത്രമാണെന്ന് ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. ഇല്ലാത്തത് പറഞ്ഞുണ്ടാക്കി മറ്റൊരു രീതിയിൽ ഉപയോഗിക്കാനാണ് സിപിഐഎമ്മിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ലീഗ് ഹൗസിൽ മുസ്ലിംലീഗിന്റെ അടിയന്തര യോഗത്തിൽ പാർട്ടിയുടെ പ്രവർത്തന ഫണ്ടുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുന്നതെങ്കിലും ഇപി ജയരാജന്റെ പ്രസ്താവനയുണ്ടാക്കിയ വിവാദങ്ങളും ഏറെ പ്രാധാന്യത്തോടെ തന്നെ ചർച്ചചെയ്യപ്പെടുകയാണ്.

















