ഇന്ത്യന്‍ പിന്നണിഗാന രംഗത്തെ വാനമ്പാടി എസ് ജാനകിയമ്മക്ക് ഇന്ന് 84 ആം പിറന്നാൾ. പതിറ്റാണ്ടുകൾക്കിപ്പുറവും സംഗീത പ്രേമികളുടെ ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങുന്ന സ്വര മാധുര്യം ജാനകിയമ്മ 84 ന്റെ നിറവിൽ വിശ്രമജീവിതം തുടരുന്നത് മൈസൂരുവിൽ ആണ്. സവിശേഷമായ ശബ്ദത്താൽ ആസ്വാദക ഹൃദയങ്ങളില്‍ കീഴടക്കിയ അപൂർവ വ്യക്തിത്വം.
തമിഴിൽ ആയിരുന്നു ജാനകിയമ്മയുടെ അരങ്ങേറ്റം. ആദ്യചിത്രം വിധിയിൻ വിളയാട്ടിൽ പാടുമ്പോൾ പ്രായം 19 മാത്രം. ഐതിഹാസികമായ ഒരു യാത്രയുടെ തുടക്കം കൂടിയായിരുന്നു അത്. അധികം വൈകാതെ ആ ജാനകിയമ്മയുടെ സ്വരം മറ്റ് ഭാഷകളിലേക്കും കടന്നു.

മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിൽ പാടിക്കൊണ്ട് ആണ് ജാനകിയമ്മ മലയാളത്തിൽ തുടക്കമിട്ടത്. ഹിറ്റുകൾക്ക് ഇടവേളയില്ലാത്ത യാത്രയായിരുന്നു പിന്നീട്. എംഎസ് ബാബു രാജ് മുതൽ പുതിയ കാലത്തെ സംഗീതജ്ഞരിലേക്ക് വരെ എത്തിയ അതിശയകരമായ സംഗീതയാത്ര. ഭാഷയുടെ അതിർവരമ്പുകളെ തകർത്ത സ്വരം പിന്നീട് മലയാളികൾക്കും തമിഴർക്കും കന്നടികർക്കുമെല്ലാം പ്രിയപ്പെട്ടതായി.
60 സംഗീതവർഷങ്ങൾ, 17 ഭാഷകൾ, അൻപതിനായിരത്തോളം പാട്ടുകൾ, പദ്മ അവാർഡുകൾ അടക്കം കേന്ദ്ര
സംസ്ഥാന പുരസ്കാരങ്ങൾ. 2017ൽ ഏവരെയും ഞെട്ടിച്ച് സ്വയം വിരമിക്കൽ പ്രഖ്യാപിച്ചു ജാനകിയമ്മ. ജാനകിയമ്മയുടെ പിറന്നാൾ സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലെ സംഗീതാസ്വാദകരും ആഘോഷമാക്കുകയാണ്. ഇന്ത്യയുടെ വാനമ്പാടിക്ക് ജന്മദിനാശംസകൾ
















