പാലക്കാട് ജില്ലയിൽ നടന്ന രണ്ടു രാഷ്ട്രീയ കൊലപാതകങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ നിരവധി സുരക്ഷാക്രമീകരണങ്ങൾ നടപ്പാക്കുന്നുണ്ട്. ജില്ലയിൽ നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. ഏപ്രിൽ 16-ന് കുത്തിയതോട്, പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടു. ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ ടൂവീലറിൽ സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരുടെ പിൻസീറ്റ് യാത്ര കേരളാ പോലീസ് പൂർണ്ണമായും നിരോധിച്ചു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡിജിപി അനിൽ കാന്തിന്‍റെ ചിത്രത്തോടൊപ്പം പ്രചരിക്കുന്ന പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ, ‘കേരള ചരിത്രത്തിൽ ആദ്യമായി കിടിലൻ നീക്കവുമായി കേരള പോലീസ്. ടൂവീലറിൽ എത്തി ശ്രീനിവാസനെ കൊന്നതിനാൽ പാലക്കാട് ജില്ലയിൽ ടൂവീലറിൽ സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരുടെ പിൻസീറ്റ് യാത്ര നിരോധിച്ചിരിക്കുന്നു’. എന്നാൽ പോസ്റ്റിൽ പറയുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. അറിയിപ്പിൽ പറയുന്ന കാര്യം ഏപ്രില്‍ 24നു വൈകീട്ട് ആറ് വരെ മാത്രം നിലനിൽക്കുന്നതാണ് ഈ നിയമം.
ഉത്തരവിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ പാലക്കാട് ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇതേ ഉത്തരവ് ഏപ്രിൽ 17ന് പോസ്റ്റ് ചെയ്തിരിക്കുന്നതായി കണ്ടു. ഈ പോസ്റ്റ് പ്രകാരം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠൻ ആണ് ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചത്. മാത്രമല്ല, ഉത്തരവ് ഏപ്രിൽ 20 വൈകുന്നേരം 6മണി വരെയാണ് നിലനിൽക്കുകയെന്നും പോസ്റ്റ് പറയുന്നു. കൂടാതെ, ഉത്തരവ് പുറപ്പെടുവിച്ചത് പോലീസല്ല, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റാണ്. ഈ ഉത്തരവ് ഏപ്രില്‍ 24 വരെ നീട്ടിയിട്ടുണ്ട്. പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഇതേ ഉത്തരവ് നൽകിയിട്ടുണ്ട്. നിരവധി മാധ്യമങ്ങളും ഈ ഉത്തരവ് വാർത്തയാക്കിയിരുന്നു. ഇതോടെ ഇരുചക്രവാഹനങ്ങളിൽ പുരുഷന്മാരുടെ പിൻസീറ്റ് യാത്ര കേരളാ പോലീസ് പൂർണ്ണമായും നിരോധിച്ചു എന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാണ്.