കോഴിക്കോട്: പത്ത് ലക്ഷത്തോളം വില വരുന്ന 42 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഒരാളെ പോലീസ് പിടികൂടി. കുണ്ടുങ്ങല്‍ സി.എന്‍ പടന്ന സ്വദേശി സുനീര്‍ (50)-നെയാണ് കോഴിക്കോട് ടൗണ്‍ എ.സി.പി ബിജുരാജിന്റെ നേതൃത്വത്തില്‍ കസബ എസ്.ഐ ശ്രീജിത്തും ആന്റി നാര്‍ക്കോടിക്ക് എ.സി.പി ജയകുമാറിന്റെ കീഴിലുള്ള ഡാന്‍സാഫ് സ്ക്വാഡും ചേര്‍ന്ന് ചാലപ്പുറത്ത് നിന്നും വാഹന പരിശോധനക്കിടെ പിടികൂടിയത്.
പ്രതി മെഡിക്കല്‍കോളേജിന് സമീപം വാടകക്ക് താമസിക്കുകയായിരുന്നു. മുംബെയില്‍നിന്ന് ഗ്രാമിന്1700 രൂപക്ക് വാങ്ങി പതിനെട്ടായിരം മുതല്‍ ഇരുപത്തിരണ്ടായിരം വരെ വിലയിട്ടാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതി വില്‍ക്കുന്നത്.
പ്രതിയെ ചോദ്യംചെയ്തതില്‍ ഇയാളുടെ പക്കല്‍ നിന്നും പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടത്തെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ഇയാള്‍ക്ക് മറ്റു സഹായികളുണ്ടോ എന്ന കാര്യത്തെകുറിച്ചും അന്വേഷിച്ചുവരുന്നുണ്ട്.