നര്‍ത്തകി ദേവികയുമായി പിരിഞ്ഞതിനുശേഷം നടനും കൊല്ലം എംഎല്‍എയുമായ എം.മുകേഷ് വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രചാരണം നടക്കാറുണ്ട്. അത്തരത്തിൽ ഒരു പ്രചാരണം ആണ് ഇപ്പോള്‍ മുകേഷും യുവജന കമ്മിഷന്‍ ചെയര്‍പെഴ്‌സണ്‍ ചിന്താ ജെറോമും തമ്മില്‍ വിവാഹിതരാകുന്നു എന്ന രീതിയിൽ പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വാർത്ത വ്യാജമാണ്. മാതൃഭൂമി ന്യൂസില്‍ വന്നിട്ടുള്ള വാര്‍ത്തയുടെ രൂപത്തിലാണ് പ്രചാരണം. നടന്‍ ജോജു ജോര്‍ജിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് പേജിലടക്കം ഈ വാര്‍ത്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. ജോജു ജോര്‍ജ് മുന്‍പ് കൊച്ചിയില്‍ വഴിതടയല്‍ സമരം നടത്തിയതിനെതിരെ പ്രതിഷേധിച്ച സമയത്ത് സൈബര്‍ ആക്രമണം രൂക്ഷമായതോടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിച്ചതായി വാര്‍ത്തകളുണ്ട്.
എന്നിരുന്നാലും മുകേഷ്-ചിന്ത ജെറോം വിവാഹ വാര്‍ത്തയുടെ വിശദാംശങ്ങള്‍ക്കായി മാതൃഭൂമിയില്‍ തിരഞ്ഞപ്പോള്‍ ഇത് വ്യാജമാണെന്ന് വ്യക്തമാക്കിയുള്ള മറ്റൊരു വാര്‍ത്ത ലഭ്യമായി.
‘മാതൃഭൂമി ഡോട്ട് കോമിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത. എല്‍ഡിഎഫ് എംഎല്‍എയും നടനുമായ മുകേഷും ഡിവൈഎഫ്ഐ നേതാവ് ചിന്ത ജെറോമും വിവാഹിതരാകുന്നുഎന്ന തരത്തിലുള്ള വ്യാജ വാര്‍ത്തയാണ് മാതൃഭൂമി ഡോട്ട് കോമിന്റെ പേരില്‍ പ്രചരിക്കുന്നത്. എന്നാല്‍, ഇങ്ങനെ ഒരു വാര്‍ത്ത മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിച്ചിട്ടില്ല. വ്യാജ വാര്‍ത്ത പ്രചരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും’ എന്നതാണ് മാതൃഭൂമി ന്യൂസ് നൽകിയ വിശദീകരണം. ഇതോടെ പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാണ്.