മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയുടെ വേഷത്തിലാണ് മിനിസ്‌ക്രീനിലേക്ക് എത്തിയതെങ്കിലും അശ്വതി പിന്നീട് അഭിനയരംഗത്തേക്കും എത്തുകയായിരുന്നു. ആദ്യ അഭിനയ സംരംഭത്തിന് തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരവും താരത്തെ തേടിയെത്തി. വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നു പറഞ്ഞും സോഷ്യല്‍ മീഡിയയിലും മറ്റും സജീവമാണ് അശ്വതി.
പ്രസവശേഷം ജോലിക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ചാണ് അശ്വതിയോട് പലരും ചോദിച്ചത്. ‘എല്ലാ അമ്മമാര്‍ക്കുമുള്ള പ്രശ്‌നമാണ് ഇത്, പ്രത്യേകിച്ചും ആദ്യത്തെ പ്രസവം ആണെങ്കില്‍ അത് കൂടുതലാണ്. ഏറ്റവും പ്രധാന പ്രശ്‌നം കുഞ്ഞിനെ മറ്റൊരാളുടെ കയ്യില്‍ ഏല്‍പ്പിച്ച് പോകുമ്പോള്‍ ഉണ്ടാകുന്ന മനപ്രയാസമാണ്. അതിപ്പോള്‍ അമ്മയോ, ഭര്‍ത്താവോ, ആരാണെങ്കിലും അവരുടെ കൂടെയാക്കിയിട്ട് പുറത്തേക്ക് പോകുമ്പോള്‍ നമുക്ക് കുറെ സംഘര്‍ഷങ്ങളുണ്ടാകും. റെഗുലറായി ജോലിക്ക് പോകേണ്ടവരാണെങ്കില്‍ പറയേണ്ട. വലിയ സമ്മര്‍ദ്ദത്തിലാകും. രാവിലെ ഓഫീസില്‍ പോയി, വൈകുന്നേരം ആകുമ്പോഴേക്ക് നെഞ്ചൊക്കെ നിറഞ്ഞ് ഒരു ഹെവിനെസ്സ് ഫീല്‍ ചെയ്യും. ചിലര്‍ക്കാണെങ്കില്‍ ബ്രെസ്റ്റ് ലീക്ക് ചെയ്യുന്ന പ്രശ്‌നങ്ങളുണ്ടാകും. അങ്ങനെ പലതരം പ്രശ്‌നങ്ങളായിരിക്കും. കുഞ്ഞിന് വിശക്കുമോ എന്നുള്ളതാണ് മറ്റൊരു ആധി. അതൊക്കെ ആദ്യപ്രസവം കഴിഞ്ഞ് നില്‍ക്കുന്ന അമ്മമാര്‍ക്ക് മാത്രം പറഞ്ഞാല്‍ മനസ്സിലാകുന്ന ഫീല്‍ ആണ്.” എന്നും അവർ വ്യക്തമാക്കി.
















