ഒഡീഷയിലെ പ്രമുഖ സംഗീതജ്ഞൻ പ്രഫുല്ല കർ നിര്യാതനായി. ഞായറാഴ്ച രാത്രി 10 മണിയോടെ ഭുബനേശ്വറിലെ സത്യ നഗറിലെ വസതിയിൽ വച്ചായിരുന്നു അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്. 83 വയസ്സായിരുന്നു അദ്ദേഹത്തിന്.
സംഗീതജ്ഞന്‍, ഗായകന്‍, ഗാന രചയിതാവ്, എഴുത്തുകാരന്‍, കോളംനിസ്‌റ്റ് എന്നീ നിലകളില്‍ വളരെ പ്രമുഖനാണ് അദ്ദേഹം. ഗായകനായും സംഗീതജ്ഞനായും നാല് ബംഗ്ലാ സിനിമകള്‍ ഉള്‍പ്പടെ 70 ഒറിയ സിനിമകളില്‍ (റിലീസ് ആയതും ആകാത്തതും) അദ്ദേഹം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കലാരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് 2015ൽ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.
1939 ഫെബ്രുവരി 16ന് ബംഗാൾ പ്രസിഡൻസിയിലെ പുരിയിൽ സംഗീതജ്ഞ കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ബൈദ്യനാഥ് കർ പിതാവും സുശീല കർ അമ്മയുമാണ്. അദ്ദേഹത്തിന്‍റെ അമ്മാവൻ ഖേത്ര മോഹൻ കർ പ്രമുഖ തബല വാദകനായിരുന്നു. കുട്ടിക്കാലത്ത് തന്നെ പിതാവിനെ നഷ്‌ടമായതിനാല്‍ മുത്തച്ഛന്‍ ന്റെയും മുത്തശ്ശി യുടെയും ശിക്ഷണത്തിലാണ് പ്രഫുല്ല കര്‍ വളർന്നു വന്നത്.
















