ബാന്ദ്ര പാലി ഹിൽസിലെ രൺബീറിന്റെ വാസ്തുവെന്ന വീട്ടിൽ വച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാൽ ഏപ്രിൽ 14നായിരുന്നു ആലിയ-രൺബീർ വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഇപ്പോൾ വിവാഹാഘോഷത്തിനു മുന്നോടിയായി നടന്ന മെഹന്ദി ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ആലിയ . “സ്വപ്ന സമാനമായൊരു ദിവസമായിരുന്നു മെഹന്ദി. ഒരുപാട് സ്നേഹം, കുടുംബം, ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കൾ, ധാരാളം ഫ്രഞ്ച് ഫ്രൈസ്, വരന്റെ ചങ്ങാതിമാരുടെ സർപ്രൈസ് പ്രകടനം, അയാന്റെ ഡിജെ മ്യൂസിക്, മിസ്റ്റർ കപൂർ സംഘടിപ്പിച്ച ഒരു ബിഗ് സർപ്രൈസ് (എന്റെ പ്രിയപ്പെട്ട കലാകാരൻ എന്റെ പ്രിയപ്പെട്ട ഗാനങ്ങൾ അവതരിപ്പിച്ചു)… എല്ലാം നിറഞ്ഞൊരു ദിവസമായിരുന്നു അത്. സന്തോഷാശ്രുക്കൾ നിറഞ്ഞ, എന്റെ ജീവിതത്തിലെ ശാന്തമായ, ആനന്ദകരമായ നിമിഷങ്ങൾ. ദിവസങ്ങൾ മാത്രമല്ല, ഇതുപോലുള്ള മനോഹരമായ ദിവസങ്ങളും ജീവിതത്തിലുണ്ട്!,” എന്നാണ് ആലിയ കുറിച്ചത്.
രൺബീറിന്റെ അമ്മ നീതു കപൂർ, സഹോദരി റിദ്ദിമ കപൂർ, സംവിധായകരായ കരൺ ജോഹർ, അയാൻ മുഖർജി, ഡിസൈനർ മനീഷ് മൽഹോത്ര, ആലിയയുടെ പിതാവ് മഹേഷ് ഭട്ട്, പൂജ ഭട്ട്, ഷഹീൻ ഭട്ട്, കരീന കപൂർ, കരീഷ്മ കപൂർ, സെയ്ഫ് അലി ഖാൻ എന്നു തുടങ്ങി ആലിയയുടെയും രൺബീറിന്റെയും വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
















