രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡെല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാംപസില്‍ (JNU) സംഘര്‍ഷം നടന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചിത്രങ്ങളില്‍ പലതും മുന്‍കാലങ്ങളിലേതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാമനവമിക്ക് ശേഷം ജെഎന്‍യു ക്യാംപസിനുള്ളില്‍ ക്ഷേത്രം പണിതു എന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. ‘ഒറ്റ രാത്രികൊണ്ട് ജെഎന്‍യു വില്‍ ക്ഷേത്രം ഉയര്‍ന്നു’ എന്നുള്ള കുറിപ്പോടെയാണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ ചിത്രം ജെഎന്‍യുവിലേതല്ല.
‘സര്‍വകലാശാലയ്ക്കുള്ളില്‍ ഒറ്റ രാത്രികൊണ്ട് രാമക്ഷേത്രം ഉയര്‍ന്നു; കാമ്പസുകളെ കാവിവല്‍ക്കരിക്കുന്നതിന്റെ ഭാഗമെന്ന് ഇടത് വിദ്യാര്‍ഥിസംഘടനകള്‍ ‘ ഒരു പ്രമുഖ മാധ്യമത്തിൽ വന്ന വാർത്തയാണിത്. ഈ വാർത്തയിൽ ഇത് ഏത് ക്യാംപസ് ആണെന്ന കാര്യം പറയുന്നില്ല. തുടര്‍ന്ന് വാര്‍ത്ത പരിശോധിച്ചപ്പോള്‍ ഹൈദ്രബാദ് യൂണിവേഴ്‌സിറ്റിയിലെ സംഭവമാണിതെന്ന് വ്യക്തമായി. ‘കഴിഞ്ഞ ദിവസം വരെ വെറുമൊരു ശിലയായിരുന്നത് ഒരു സുപ്രഭാതത്തില്‍ രാമന്റെ വിഗ്രഹമായി മാറി. ഒറ്റ രാത്രികൊണ്ട് രാമക്ഷേത്രമുണ്ടായ സംഭവം നടന്നത് ഹൈദരാബാദ് സര്‍വകാലാശാലയ്ക്കുള്ളില്‍. രാമനവമി ദിനത്തിലാണ് കാമ്പസിനുള്ളില്‍ രാമക്ഷേത്രം ഉയര്‍ന്നത്. ഇതിനു പിന്നില്‍ ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി ആണെന്നും സര്‍വകലാശാലയെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണിതെന്നും മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു.’ എന്ന ഒരു വാർത്തകണ്ടത്താനായി. അതായത് ഹൈദ്രബാദ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന സംഭവമാണ് ജെഎന്‍യുവിലേത് എന്ന പേരില്‍ പ്രചരിക്കുന്നത്.
ഇതോടെ പ്രചരിക്കുന്ന ചിത്രം ജെഎന്‍യുവിലേതല്ലെന്നും ഹൈദ്രബാദ് യൂണിവേഴ്‌സിറ്റി ക്യാംപസിലേതാണെന്നും വ്യക്തമാണ്.