ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യ സിനിമ കെജിഎഫ് 2 തിയറ്ററുകളിൽ ആവേശം തീർക്കുകയാണ്. ചാപ്റ്റർ 2 വിൻ്റെ ക്ലൈമാക്സിൽ റോക്കി ഭായിയുടെ മൂന്നാം വരവിന്റെ സൂചനകൾ നൽകുന്നുണ്ട്. ഇതിനിടെ കെജിഎഫ് 3യുടെ ചില ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.മൂന്നാം ഭാഗത്തിൻ്റെ വാർത്തകൾ കൂടി എത്തിയതോടെ ആരാധകരുടെ ആവേശം മൂന്നിരട്ടിയാണ്.
ഒന്നാം ഭാഗത്തേക്കാൾ മികച്ച് നിൽക്കുന്ന രണ്ടാം ഭാഗമാണ് സംവിധായകൻ നീൽ പ്രേക്ഷകർക്ക് നൽകിയത്. ‘നിങ്ങൾക്കൊരു ഉപദേശം തരാം, ഒരു കാലത്തും അയാളെ എതിർത്തുനിൽക്കരുത്’ എന്ന കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ട്രെയിലറിലെ ഈ വാചകം അക്ഷരാർഥത്തിൽ ഒരു മുന്നറിയിപ്പായിരുന്നു. ആദ്യഭാഗത്തിന്റെ അവസാനം പറയുംപോലെ യഥാർഥ കഥ രണ്ടാം ഭാഗത്തിലാണ് ആരംഭിക്കുന്നത്.
ലോകമെമ്പാടുമായി ഏകദേശം 10,000 സ്‌ക്രീനുകളിലാണ് കെജിഎഫ് 2 റിലീസ് ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിന്റെ വിവിധ ഭാഷാ പതിപ്പുകൾ ഇന്ത്യയിലുടനീളം ഏകദേശം 6500 സ്‌ക്രീനുകളിൽ ലഭ്യമാണ്. കൂടാതെ ഹിന്ദി പതിപ്പ് മാത്രം ഏകദേശം 4000 സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നു. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ദക്ഷിണേന്ത്യയിൽ നിന്നുള്ള വാണിജ്യ സിനിമകളുടെ പ്രേക്ഷകർ വർധിച്ചു വരികയാണ്. കെജിഎഫ് 2 കന്നഡ സിനിമാ വ്യവസായത്തിൽ പുതിയ ബെഞ്ച്മാർക്ക് സൃഷ്ടിച്ചിരിക്കുകയാണ്.
















