കഴിഞ്ഞ ദിവസമാണ് റൺബീർ കപൂറിന്റേയും ആലിയ ഭട്ടിന്റേയും വിവാഹം നടന്നത്. റൺബീർ കപൂറിന്റേയും ആലിയ ഭട്ടിന്റേയും ആകെ ആസ്തിയെ കുറിച്ചുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
മാധ്യമ വാർത്തകൾ അനുസരിച്ച് റൺബീർ കപൂറിന്റെ ആസ്തി 330 കോടിയാണ്. ബോളിവുഡിലെ മികച്ച നടന്മാരിൽ ഒരാളായി വിലയിരുത്തുന്ന താരമാണ് റൺബീർ കപൂർ. കൂടാതെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലും റൺബീർ കപൂറുണ്ട്.മുംബൈയിലെ റൺബീറിന്റെ വസതിയായ വാസ്തുവിൽ വെച്ചായിരുന്നു ആലിയയുമായുള്ള വിവാഹം. ഈ വീടിനു മാത്രം 30 കോടിയാണത്രേ വിലമതിക്കുന്നത്. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ഈ വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്.

ഒരു ചിത്രത്തിന് 50 കോടിയാണ് റൺബീർ പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ആലിയയും റൺബീറും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രം ബ്രഹ്മാസ്ത്രയുടെ റിലീസോടെ താരത്തിന്റെ പ്രതിഫലം ഇനിയും ഉയരുമെന്നും പ്രതീക്ഷ.
സിനിമകൾ കൂടാതെ, നിരവധി ബ്രാൻഡുകളുടെ പരസ്യങ്ങളിലൂടെയും റൺബീർ വലിയ പ്രതിഫലം വാങ്ങിക്കുന്നു. ഇതിനെല്ലാം പുറമേ, ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി നിക്ഷേപങ്ങളും റൺബീറിന്റേതായുണ്ട്.ഓപ്പോ, ടാറ്റാ എഐജി, കൊക്കകോള, ഓറിയോ തുടങ്ങിയ ബ്രാൻഡുകളുടേയും പരസ്യചിത്രങ്ങൾക്ക് റൺബീർ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് ഓരോ ബ്രാൻഡ് ഷൂട്ടിനും 6 കോടിയാണ്.
അതേസമയം സംവിധായകൻ മഹേഷ് ഭട്ടിന്റേയും സോണി റസ്ദാന്റേയും ഇളയ മകളായ ആലിയ ഭട്ട് സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ സമ്പന്നയാണ്. ആസ്തിയുടെ കാര്യത്തിൽ റൺബീർ കപൂറിനേക്കാൾ സമ്പന്നയാണ് ആലിയ ഭട്ട്. കഴിഞ്ഞ വർഷം വരെ ആലിയയുടെ ആസ്തി 517 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും വില കൂടിയ അഞ്ച് ഇന്ത്യൻ സെലിബ്രിറ്റികളിൽ ഇടംനേടിയ ഒരേയൊരു വനിതാ ബോളിവുഡ് താരമാണ് ആലിയ.

ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മുൻനടിമാരിൽ ഒരാളാണ് ആലിയ. തുടർച്ചയായ ഹിറ്റുകളും ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഗംഗുഭായിയുടെ തകർപ്പൻ വിജയവും ആലിയയുടെ താരമൂല്യം കുത്തനെ ഉയർത്തിയിട്ടുണ്ട്.സിനിമകൾക്ക് പുറമേ നിരവധി പരസ്യചിത്രങ്ങളിലും ആലിയ അഭിനയിക്കാറുണ്ട് . ഒരു പരസ്യചിത്രത്തിന് 2 കോടിയാണ് ആലിയ പ്രതിഫലമായി വാങ്ങുന്നത്.
മുംബൈ ജുഹുവിൽ ആലിയയ്ക്ക് സ്വന്തമായി ഒരു ലക്ഷ്വറി അപാർട്മെന്റുണ്ട്. ഇതുകൂടാതെ സഹോദരി ഷഹീൻ ഭട്ടിനൊപ്പം ഷാലിയ എന്ന പേരിൽ മറ്റൊരു വസതിയുമുണ്ട്. മുംബൈയിലെ ഈ രണ്ട് വീടുകൾക്ക് മാത്രം കോടികളാണ് വില. അഭിനയത്തിനു പുറമേ, സിനിമാ നിർമാണ രംഗത്തും ആലിയ ചുവടുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് എറ്റേണൽ സൺഷൈൻ എന്ന പേരിൽ ആലിയ പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നത്. ജുഹുവിലെ വസതിയോട് ചേർന്ന് 2800 സ്വകയർഫീറ്റിലാണ് ഇതിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്.
ഔഡി Q7,ഔഡി Q5, ഔഡി Q6, ബിഎംഡബ്ല്യൂ 7 സീരീസ്, ലാൻഡ് റോവർ, റേഞ്ച് റോവർ തുടങ്ങി നിരവധി ആഢംബര വാഹനങ്ങളും ആലിയയ്ക്ക് സ്വന്തമായുണ്ട്. നൈക, ഫൂൽ.കോ തുടങ്ങിയവയിലും ആലിയയ്ക്ക് നിക്ഷേപമുണ്ട്. കുട്ടികൾക്ക് മാത്രമായുള്ള വസ്ത്ര വ്യാപാരവും ആലിയ ആരംഭിച്ചിരുന്നു.
















