കെപിസിസി പ്രസിഡന്റ് കെ.സുധാകരനൊപ്പം ഏതാനും യുവാക്കള്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തലയില്‍ കുങ്കുമ നിറത്തിലുള്ള പതാക കെട്ടിയ യുവാക്കള്‍ ബിജെപി പ്രവര്‍ത്തകരാണെന്നും കെ.സുധാകരന്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രമാണിതെന്നുമാണ് പ്രചാരണം. ‘കൊങ്കികളേ ആദ്യം നിങ്ങള്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും പൊതു ശത്രുവായ സംഘികളുമായി ചങ്ങാത്തം കൂടുന്ന കെ കുണാരനെതിരെ നടപടി എടുക്കണം എന്നിട്ട് പോരേ നിന്റെയൊക്കെ പട്ടി ഷോ’ എന്നുള്ള കുറിപ്പിനൊപ്പമാണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്.
കെ.സസുധാകരന്‍ എംപിക്കൊപ്പം സെല്‍ഫിയെടുക്കുന്ന യുവാക്കള്‍ തലയില്‍ കുങ്കുമ നിറത്തിലുള്ള സ്‌കാര്‍ഫ് കെട്ടിയിരിക്കുന്നതായി മനസിലാക്കാം. ഒറ്റനോട്ടത്തില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരാകാം എന്ന തോന്നലുണ്ടാകുന്നുണ്ട്. എന്നാല്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ബിജെപിയുടെ പതാകയല്ല ഇതെന്ന് മനസിലാക്കാനാകും. മാത്രമല്ല ചിത്രത്തിന്റെ അടിക്കുറിപ്പും തെറ്റായാണ് നല്‍കിയിരിക്കുന്നത്. കെ. സുധാകന്റെ ചിത്രവും കെ.കരുണാകരന്‍ എന്ന പേരുമാണ് ഉപയോഗിച്ചിട്ടുള്ളത്. അടിക്കുറിപ്പ് വായിച്ചാല്‍ അടുത്തിടെ കോണ്‍ഗ്രസിലുണ്ടായ ചില നടപടികളുമായി ബന്ധമുണ്ടെന്ന് വ്യക്തമാകും.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്റ് അനുമതി നല്‍കിയിരുന്നില്ല. ശശിതരൂര്‍, കെ.വി.തോമസ് എന്നീ കോണ്‍ഗ്രസ് നേതാക്കളെയാണ് സിപിഎം സെമിനാറില്‍ സംസാരിക്കാന്‍ ക്ഷണിച്ചത്. എന്നാല്‍ ആദ്യം കെപിസിസി പ്രസിഡന്റ് കെ.സുധാകരനും തുടര്‍ന്ന് ഹൈക്കമാന്റും ഇവര്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ കെ.വിതോമസ് സെമിനാറില്‍ പങ്കെടുക്കുകയും ചില വിവാദങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തിരുന്നു. ഈ സംഭവത്തോടെയാണ് കെ.സുധാകരന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയ പ്രചാരണം ആരംഭിച്ചത്.
പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ചിത്രം ഗൂഗിളിൽ പരിശോധിച്ചു. ഇതില്‍ നിന്നും കെ.സുധാകരനൊപ്പം നില്‍ക്കുന്ന യുവാക്കള്‍ ബിജെപി പ്രവര്‍ത്തകരല്ലെന്നും യൂത്ത് കോണണ്‍ഗ്രസുകാരാണെന്നും മനസിലാക്കാനായി. കാസര്‍ഗോഡ് ജില്ലയിലെ കരിന്തളം പഞ്ചായത്തിലുള്ള വേളൂരില്‍ കോണ്‍ഗ്രസ്സ് ഓഫിസ് ഉദ്ഘാടനം ചെയ്യാന്‍ കെ.സുധാകരന്‍ എത്തിയപ്പോള്‍ പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ യുവാക്കള്‍ പകര്‍ത്തിയ ചിത്രമാണിത്. യുവാക്കളുടെ തലയില്‍ കെട്ടിയിരിക്കുന്നത് ബിജെപിയുടെ കാവി പതാകയല്ല, മറിച്ച് കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാകയാണെന്ന് വ്യക്തമാക്കി ചിത്രം പകര്‍ത്തിയ യുവാക്കളിലൊരാള്‍ നല്‍കിയ വിശദീകരണ കുറിപ്പ് കണ്ടെത്താനായി. ഇതോടെ പ്രചരിക്കുന്ന ചിത്രത്തില്‍ കെ.സുധാകരനൊപ്പം സെല്‍ഫിയെടുക്കുന്ന യുവാക്കള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് വ്യക്തമായി.