കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു യുവാവും യുവതിയും ചേര്‍ന്ന് ഒരു ചെറിയ കുട്ടിയെ എടുത്തുകൊണ്ട് വരികയും ഒരു ചാക്കിലാക്കി ഒളിപ്പിച്ചശേഷം കടത്തിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് രംഗങ്ങള്‍. ഇതുകണ്ട് ഒരു യുവാവ് ഓടിയെത്തുകയും തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയവരെ മര്‍ദ്ദിക്കുകയും ചെയ്യുന്നു. ‘ഇവരെ ഇത്രയും ചെയ്താല്‍ പോരാ…?? ‘ എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത് യഥാര്‍ഥ വീഡിയോയല്ല. പ്രചരിക്കുന്ന വീഡിയോയില്‍ യുവാവും യുവതിയും ചേര്‍ന്ന് ഒരു പെണ്‍കുഞ്ഞിനെയാണ് ചാക്കിലാക്കി ഓടയില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത് കണ്ട് ഓടിയെത്തുന്ന യുവാവ് ഇവരെ മര്‍ദ്ദിച്ച് കുഞ്ഞിനെ രക്ഷിക്കുന്നു. കുഞ്ഞ് നിര്‍ത്താതെ കരയുന്നതും വീഡിയോയില്‍ വ്യക്തമാണ്.
വീഡിയോയുടെ സത്യാവസ്ഥക്ക് വേണ്ടി ദൃശ്യങ്ങൾ ഗൂഗിളിൽ പരിശോധിച്ചു. ഇതില്‍ നിന്ന് മനസിലാക്കാനായത് ഇതൊരു യഥാര്‍ഥ സംഭവമല്ലെന്നാണ്. അവബോധത്തിനായി സൃഷ്ടിച്ച സ്‌ക്രിപ്റ്റഡ് വീഡിയോയാണിത്. പിയൂഷ് കട്യാല്‍ എന്ന യുട്യൂബര്‍ അദ്ദേഹത്തിന്റെ പേജില്‍ മാര്‍ച്ച് 24ന് പോസ്റ്റ് ചെയ്ത വീഡിയോയാണിത്. ചാനലിന്റെ പേരു തന്നെ പിയൂഷ് കട്യാല്‍ പ്രാങ്ക് എന്നാണ്. അവബോധത്തിനായി ഇത്തരത്തില്‍ നിരവധി വീഡിയോകള്‍ ഇവർ തയാറാക്കിയിട്ടുണ്ട്. പിയൂഷ് കട്യാലിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും ഇത്തരത്തില്‍ നിരവധി പ്രാങ്ക് വീഡിയോകള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം വിനോദത്തിനായി ചിത്രീകരിച്ചതാണെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലും ഇത്തരത്തില്‍ മുന്നറിയിപ്പുണ്ട്. ഇതോടെ പ്രചരിക്കുന്ന വീഡിയോ യഥാര്‍ഥമല്ലെന്നും അവബോധത്തിനായി ചിത്രീകരിച്ചതാണെന്നും വ്യക്തമാണ്.