നിലന്പൂർ: നിലമ്പൂരിൽ കുഴൽപ്പണവുമായി രണ്ടു പേരെ പോലീസ് പിടികൂടി. കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ് (37), വാഴപൊയിൽ ഷബീർ അലി (38) എന്നിവരെയാണ് നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.
കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 1.56 കോടി രൂപയുടെ കുഴൽപ്പണവുമായി നിലമ്പൂരിൽ രണ്ടു പേരെ പോലീസ് പിടികൂടി. കാറിലെ രഹസ്യ അറകളിലാണ് പണം സൂക്ഷിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിന്റെ നിർദേശ പ്രകാരം നിലമ്പൂർ പോലീസ് സ്റ്റേഷനു മുൻവശം നടത്തിയ വാഹന പരിശോധനയിലാണു കുഴൽപ്പണം പിടികൂടിയത്.
മലപ്പുറം ജില്ല വഴി വ്യാപകമായി കുഴൽപ്പണം കടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന.