ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് ഒരേ സമയം രണ്ട് ബിരുദങ്ങൾ നേടാൻ അനുമതി നൽകി യുജിസി. ഓൺലൈനായും ഓഫ്‌ലൈനായും രണ്ട് ഡിഗ്രി, പി.ജി കോഴ്‌സുകൾ പഠിക്കാം. ഇത് സംബന്ധിച്ച മാർഗനിർദേശം നാളെ പുറത്തിറക്കും.
ഒരേ സമയം രണ്ട് വിദ്യാഭ്യാസ ബിരുദങ്ങൾ നേടാൻ വിദ്യാർത്ഥികളെ അനുവദിക്കുന്ന നിർദ്ദേശം നേരത്തെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) അംഗീകരിച്ചിരുന്നു. ഒരേ സമയം അതേ സ്ട്രീമിലോ അല്ലെങ്കിൽ വ്യത്യസ്ത സ്ട്രീമുകളിലോ കോഴ്‌സുകൾ പൂർത്തിയാക്കാൻ ഇന് പ്രകാരം വിദ്യാർത്ഥികൾക്ക് ആകും.
ഒരു ബിരുദ കോഴ്‌സിനൊപ്പം ഡിപ്ലോമ കോഴ്‌സും തെരഞ്ഞെടുക്കാനോ അല്ലെങ്കിൽ രണ്ട് ബിരുദ കോഴ്‌സുകളോ രണ്ട് ബിരുദാനന്തര ബിരുദ കോഴ്‌സുകളോ ഒരുമിച്ച് ചെയ്യാനും വിദ്യാർഥികൾക്ക് സാധിക്കും. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർഥിക്ക് അതേസമയം തന്നെ ബിരുദ കോഴ്‌സിന് പഠിക്കാനും പുതിയ മാർഗനിർദേശം അനുസരിച്ച് സാധിക്കും.
രണ്ട് ഡിഗ്രികളിൽ ഒന്ന് റെഗുലർ മോഡിലൂടെയും മറ്റൊന്ന് ഓൺലൈൻ വിദൂര പഠനത്തിലൂടെയും വേണം പഠിക്കാൻ. രണ്ട് ഡിഗ്രികളും ഒൺലൈനായി പഠിക്കാനും അനുമതിയുണ്ട്.
”മാർച്ച് 31ന് ചേർന്ന കമ്മീഷൻ യോഗത്തിൽ ഒരേസമയം രണ്ട് അക്കാദമിക് പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന മാർഗനിർദേശങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചു. 2020ലെ ദേശീയ വിദ്യാഭ്യാസ നയം ഔപചാരികവും അനൗപചാരികവുമായ രീതിയിലുള്ള വഴികളൊരുക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഫിസിക്കൽ മോഡലിന്റെയും ഓൺലൈൻ മോഡലിന്റെയും സംയോജനം ഒന്നിലധികം കഴിവുകൾ നേടാൻ വിദ്യാർഥികൾക്ക് സ്വാതന്ത്യം നൽകുന്നതാണ്”-യുജിസി ചെയർമാൻ മമിദാല ജഗദേഷ് കുമാർ പറഞ്ഞു.
















