മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഡി.ജി.പിക്ക് കത്ത അയച്ച സംഭവത്തിൽ പ്രതികരിച്ച് ഷോൺ ജോർജ്. മൂന്ന് വർഷത്തെ നിയമപോരാട്ടത്തിന്റെ ഫലമാണ് ഇപ്പോഴത്തെ നടപടിയെന്നും ഈ കേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതിയെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിന്റെ തീരപ്രദേശങ്ങൾ തന്നെ പിണറായി വിജയൻ വിറ്റഴിച്ചുവെന്ന് ഷോൺ ജോർജ് കുറ്റപ്പെടുത്തി. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസ് എത്രയും പെട്ടെന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണം. കേസിൽ പ്രതിയായ സാഹചര്യത്തിൽ പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് നീക്കാൻ സി.പി.എം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.എൽ.എ സ്ഥാനത്തുനിന്നും പിണറായി വിജയൻ രാജി വെക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. ക്യാബിനറ്റ് റാങ്കിലുള്ള ഒരു വ്യക്തി ഇരിക്കുന്ന പദവിയിൽ അഴിമതിക്കാരനായ ഒരാൾ തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















