കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ദീലീപിന്റെ ബന്ധുക്കളെ നാളെ ചോദ്യം ചെയ്യും. ദിലീപിന്റെ അനുജൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക.
അനൂപിന്റെയും സുരാജിന്റെയും വീടിനുമുന്നിൽ നോട്ടീസ് പതിപ്പിച്ചു. പല തവണ വിളിച്ചിട്ടും ഇരുവരും ഫോണെടുത്തില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നു. നാളെ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാണ് ഇരുവർക്കും നിർദേശം നൽകിയിരിക്കുന്നത്.
അതിനിടെ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. അസി. പബ്ലിക് പ്രോസിക്യൂട്ടർ ആലുവ പൊലീസ് ക്ലബ്ബിലെത്തി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിയമോപദേശം നൽകി.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവനോട് നാളെ ആലുവ പൊലീസ് ക്ലബിൽ ഹാജരാകണമെന്നു ക്രൈംബ്രാഞ്ച് നിർദേശം നൽകിയത്. എന്നാൽ കേസിലെ സാക്ഷിയായി കണക്കാക്കുന്നതിനാൽ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിർദേശിക്കാൻ അവകാശമുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണു കാവ്യ. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യുന്നതു സംബന്ധിച്ച് ക്രൈബ്രാഞ്ച് നിയമോപദേശം തേടിയത്.
സാക്ഷിയെന്ന നിലയ്ക്കാണ് നോട്ടീസെന്നും തനിക്കുചിതമായ സ്ഥലത്തുമാത്രമേ മൊഴി നൽകാൻ കഴിയൂ എന്നും കാവ്യ അറിയിച്ചതിനാൽ നോട്ടീസ് മാറ്റി നൽകി, മറ്റൊരു ദിവസം ചോദ്യം ചെയ്യാനാകും അന്വേഷണ സംഘം ആലോചിക്കുന്നത്. ചില ശബ്ദരേഖകളടക്കം കാവ്യാ മാധവനെ കേൾപ്പിച്ച് മൊഴിയെടുക്കാൻ ഉള്ളതിനാൽ ദീപിന്റെ വീട്ടിൽ പറ്റില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.
അതിനിടെ, നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണക്കോടതിൽ ഹർജി നൽകി.

















