കോഴിക്കോട്: കോടഞ്ചേരിയിലെ ഡിവൈഫ്‌ഐ നേതാവിന്റെ വിവാഹത്തില്‍ ലൗ ജിഹാദ് ആരോപണം നിഷേധിച്ച് ദമ്പതികള്‍. ഇതരമതത്തില്‍ ഉള്ള രണ്ടുപേര്‍ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ജിഹാദ് ആണെന്ന് വ്യാജപ്രചരണം ഉണ്ടായിരുന്നു. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ഷെജിന്‍, ജോസ്‌ന എന്നിവരാണ് വിവാഹിതരായത്. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയാണ് ഷിജിന്‍.
തങ്ങളുടെ വിവാഹം ലൗ ജിഹാദ് ആണെന്നാരോപിച്ച് ചില സംഘടനകള്‍ വ്യാജ പ്രചരണം നടത്തുകയാണ്. പല സംഘടനകളില്‍ നിന്നും തങ്ങൾക്ക് ഭീഷണിയുണ്ടെന്നും ഇരുവരും ഒരു വാര്‍ത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വ്യക്തിപരമായ കാര്യമായതിനാലാണ് പാര്‍ട്ടിയെ അറിയിക്കാതിരുന്നതെന്നും ഇതിൽ തനിക്ക് വീഴ്ച പറ്റിയെന്നും ഷജിന്‍ പറഞ്ഞു.
ഇവരുടെ വിവാഹത്തെ തുടര്‍ന്ന് പ്രദേശത്ത് ആളുകള്‍ പ്രതിഷേധവും നടത്തി. കോടഞ്ചേരി പള്ളി അസിസ്റ്റന്റ് വികാരി ഫാദർ സെബിന്റെ നേതൃത്വത്തിൽ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ശനിയാഴ്ച വൈകീട്ടാണ് ഇരുവരും വീടുവിട്ടിറങ്ങിയത്. പിന്നീട് ഇവർ രജിസ്റ്റർ വിവാഹവും നടത്തി. മകളെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് ജ്യോത്സനയുടെ മാതാപിതാക്കളുടെ ആരോപണം. എന്നാൽ താനും ഷിജിനും പ്രണയത്തിലായിരുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ജ്യോത്സന വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കോടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിന്‍ എംഎസ് കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്സുമായ ജ്യോത്സ്ന ജോസഫിനൊപ്പം ഒളിച്ചോടിയത്. സൗദിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുന്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ജ്യോത്സ്ന ഇങ്ങനെ പറയുന്നതെന്നും പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷജിന്‍ ജ്യോത്സനെയുമായി ഒളിവില്‍ കഴിയുന്നതെന്നും ജ്യോത്സനയുടെ കുടുംബം ആരോപിച്ചു.

















