കോഴിക്കോട്: മുൻ അഴീക്കോട് എംഎൽഎയും മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടി. ആശാ ഷാജിയുടെ പേരിലുള്ള കോഴിക്കോട് വേങ്ങേരി വില്ലേജിലെ 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുമാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി.
അഴീക്കോട് എംഎൽഎ ആയിരുന്ന ഷാജിയുടെ പേരിൽ മണ്ഡലത്തിൽ വീടുകളും മറ്റു സ്വത്തുക്കളുമുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഏപ്രില്‍ 18 നാണ് കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത്.
നേരത്തെ ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിരുന്നു. പലതവണ ഇ.ഡി അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
എം.എല്‍.എ ആയിരുന്ന സമയത്ത് അഴീക്കോട് സ്‌കൂളില്‍ ഒരു അധ്യാപകയ്ക്ക് സ്ഥിര നിയമനം നല്‍കാന്‍ അവരില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലിയായി ഷാജി വാങ്ങിച്ചെന്ന പരാതിയില്‍ 2016-ല്‍ വിജിലന്‍സ് ഷാജിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഭാര്യയുടെ പേരില്‍ കോഴിക്കോട് വീടും സ്ഥലവും വാങ്ങാന്‍ ഈ പണം ഉപയോഗിച്ചതായി ഇ.ഡിയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് ഇ.ഡി ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

















