ഇ-മാലിന്യങ്ങൾ ഏറ്റവും കൂടുതൽ അപകട സാധ്യതയുള്ള 28 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്കും സ്ഥാനം . വരും വർഷങ്ങളിൽ ഈ രാജ്യങ്ങളിൽ എല്ലാം ഇ – മാലിന്യങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നത് വലിയ വെല്ലുവിളി തന്നെയാകും. ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, മെക്സിക്കോ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയ്‌ക്കൊപ്പം ഏറ്റവും കൂടുതൽ ഇ – മാലിന്യങ്ങളുള്ളതും അപകടസാധ്യത കൂടുതലുമുള്ള 28 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നുവെന്ന് പഠനം കണ്ടെത്തി.
ലോകത്ത് പ്രതിവർഷം 7-10 ബില്യൺ ടണ്ണിലധികം ഇ-മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അതിൽ 300-500 മില്യൺ ടൺ വളരെ അപകടകരമായവയാണ്. വിഷാംശം നിറഞ്ഞതും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതുമായ ഇവ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നമാണ്. ഇത്തരം മാലിന്യത്തിന്റെ വലിയൊരു അളവ് സെക്കൻഡ് ഹാൻഡ് ഉപകരണങ്ങളായും ഉപേക്ഷിക്കപ്പെട്ട ഇലക്ട്രോണിക് ഉത്പന്നങ്ങളായും വ്യാപാരം ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇതിന്റെ അളവ് 50% വർദ്ധിച്ചിട്ടുണ്ട്.
നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തിൽ 2001 മുതൽ 2019 വരെ വിവിധ രാജ്യങ്ങളിലായി നടന്ന 108 തരം മാലിന്യങ്ങളുടെ ആഗോള വ്യാപാരമാണ് ട്രാക്ക് ചെയ്തിരിക്കുന്നത്. ഒരു അന്താരാഷ്ട്ര കരാറിന്റെ ഭാഗമായി രാജ്യങ്ങൾ സ്വയം റിപ്പോർട്ട് ചെയ്ത മൊത്തം ഇറക്കുമതി ചെയ്തതും കയറ്റുമതി ചെയ്തതുമായ മാലിന്യങ്ങളുടെ ഡാറ്റയാണ് പഠനത്തിനായി ഉപയോഗിച്ചത്. എന്നാൽ എല്ലാ വർഷവും വികസ്വര രാജ്യങ്ങളിൽ അനധികൃതമായി പുറന്തള്ളുന്ന ഇ – മാലിന്യങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല.
ഗവേഷക സംഘം ഈ ഡാറ്റ ഓരോ രാജ്യത്തിന്റെയും പാരിസ്ഥിതിക പ്രകടന സൂചികയുമായി ബന്ധിപ്പിക്കുകയും ഒരു ഗണിതശാസ്ത്ര മാതൃക വികസിപ്പിക്കുന്നതിനായി അതിനെ ലോകമെമ്പാടുമുള്ള ‘മാലിന്യ വെബ്’ എന്ന് വിളിക്കുകയും ചെയ്തു.
ഒരു രാജ്യത്തിന് അതിന് വഹിക്കാൻ കഴിയുന്ന മാലിന്യ ശേഷിയുടെ പരിധിയിലെത്താൻ കഴിയുന്ന സമയമാണ് ഇവിടെ പരിശോധിച്ചത്. ഇതനുസരിച്ച് ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളെ ഗവേഷകർ കണ്ടെത്തി” പഠനത്തിന് നേതൃത്വം നൽകിയ സ്പെയിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർഡിസിപ്ലിനറി ഫിസിക്സ് ആൻഡ് കോംപ്ലക്സ് സിസ്റ്റംസിലെ ഗവേഷകർ പറഞ്ഞു.മാലിന്യത്തിന്റെ വർദ്ധനവ് രാജ്യങ്ങളുടെ സംസ്‌കരണ ശേഷിയെ മറികടക്കാൻ സാധ്യതയുണ്ട്. പരിസ്ഥിതിയിലും പൊതുജനാരോഗ്യത്തിലും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള ആശങ്കകളും പഠനം ഉയർത്തി കാട്ടുന്നു. 28 രാജ്യങ്ങളിൽ, 12 രാജ്യങ്ങൾ ആഫ്രിക്കയിലാണ്.