തിരുവനന്തപുരം: ഗവര്‍ണറുടെ അതൃപ്തിയെ തുടര്‍ന്ന് പൊതുഭരണ വകുപ്പില്‍ നിന്നും മാറ്റിയ കെ.ആര്. ജ്യോതിലാലിനെ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വീണ്ടും നിയമിച്ചു. ഗവര്‍ണറുടെ പഴ്സണല്‍ സ്റ്റാഫില്‍ ബിജെപി നേതാവ് ഹരി എസ്. കര്‍ത്തയെ നിയമിച്ചതിനെ ജ്യോതിലാല്‍ ചോദ്യം ചെയ്തിരുന്നു.
ജ്യോതിലാല്‍ ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇതില്‍ കലിപൂണ്ട ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ജ്യോതിലാലിനെ സ്ഥാനത്ത് നിന്നും മാറ്റിയപ്പോഴാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ടത്. ശാരദ മുരളീധരനെയാണ് സര്‍ക്കാര്‍ പകരം നിയമിച്ചത്.
അതേസമയം നയതന്ത്ര സ്വർണക്കേസിൽപ്പെട്ട എം. ശിവശങ്കറിന് കൂടുതല്‍ ചുമതലകളും നല്കി. നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍പ്പെട്ട് സസ്പെന്‍ഷനിലായ എം. ശിവശങ്കര്‍ സര്‍വീസില്‍ തിരികെയെത്തിയപ്പോള്‍ സ്പോര്‍ട്സ്-യുവജന കാര്യ വകുപ്പിന്റെ ചുമതലയാണ് നല്‍കിയിരുന്നത്. ശിവശങ്കറിന് ഇപ്പോൾ മൃഗസംരക്ഷണത്തിന്റെയും ഡയറി ഡെവലെപ്മെന്റിന്റെയും അധിക ചുമതല നൽകി.
ഐടി സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പിന്റെ ചുമതല നൽകി. പ്ലാനിംഗ് ബോർഡ് മെംബർ സെക്രട്ടറിയുടെ ചുമതലയും ഇദ്ദേഹം വഹിക്കും. തദ്ദേശവകുപ്പ് അഡി.ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ഐടി വകുപ്പിന്റെ അധിക ചുമതല നൽകി.
പ്രിയങ്ക ഐഎഎസിനെ വനിതാ ശിശുവികസന വകുപ്പിൽ ഡയറക്ടറായി നിയമിച്ചു. കെ.എസ്.ശ്രീനിവാസ് ഐഎഎസാണ് ഫിഷറീസ് വകുപ്പിന്റെ പുതിയ പ്രിൻസിപ്പൽ സെക്രട്ടറി. ടിങ്കു ബിസ്വാള്‍ ഐഎഎസിനെ ഭക്ഷ്യ, സിവിൽ സപ്ലൈസ് പ്രിന്‍സിപ്പൽ സെക്രട്ടറിയാക്കി. അജിത് കുമാർ ഐഎഎസാണ് പൊതുമരാമത്ത് വകുപ്പിന്റെ പുതിയ സെക്രട്ടറി.

















