തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ച കെ-സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു.തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിയിട്ടുണ്ട്. ബസ് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ബസ് നിലവിൽ കെ.എസ്.ആർ.ടി.സിയുടെ വർക്ക്ഷോപ്പിലാണുള്ളത്.
അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകർ ആരോപിച്ചു. ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകുമെന്നും അപ്രതീക്ഷിതമായുണ്ടായ അപകടത്തിന് പിന്നിൽ സ്വകാര്യ ബസ് ലോബിയാണെന്നും അടിയന്തര അന്വേഷണം വേണമെന്നുമാണ് കെഎസ്ആർടിസി എം.ഡി പറയുന്നത്.
ഇന്നലെ വൈകുന്നേരമാണ് കെ എസ് ആർ ടി സി യുടെ അഭിമാന പദ്ധതിയായ കെ-സ്വിഫ്റ്റ് ബസ് മുഖ്യമന്ത്രി ഫ്ളാഗ്ഓഫ് ചെയ്തത്. സംസ്ഥാന സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്. അന്തർ സംസ്ഥാന സർവീസുകൾക്കാണ് കെ സ്വിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോഗിക്കുക.

















