മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) നൽകിയ മൊഴി തിരുത്തി സി.എം.ആർ.എൽ (CMRL) ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുരേഷ്‌കുമാർ. ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തതെന്ന് ആരോപിച്ചാണ് അദ്ദേഹം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്.
ഗുരുതര ആരോപണങ്ങളാണ് ഇഡിക്കെതിരായ സത്യവാങ്മൂലത്തിലുള്ളത്.
താൻ പറഞ്ഞ മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർ മുഖവിലക്കെടുക്കാൻ തയ്യാറായില്ലെന്ന് സത്യവാങ്മൂലത്തിൽ സുരേഷ്‌കുമാർ ആരോപിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പറയാൻ ഇഡി തന്നെ നിർബന്ധിച്ചതായും അദ്ദേഹം ആരോപിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിലിരിക്കെ, അദ്ദേഹത്തിന്റെ മകൾ വീണയ്ക്ക് പണം നൽകിയത് മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ടാണെന്നായിരുന്നു സുരേഷ്‌കുമാറിന്റെ മുൻ മൊഴി.
ഈ മൊഴിയാണ് പിണറായി വിജയനുള്ള കൈക്കൂലിയാണ് ഇതെന്ന രീതിയിൽ ഇഡി തങ്ങളുടെ റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ നിലവിലെ സത്യവാങ്മൂലത്തിലൂടെ ഈ മൊഴിയാണ് സുരേഷ്‌കുമാർ ഇപ്പോൾ തിരുത്തുന്നത്.
















