തിരുവനന്തപുരം: എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന ആന്തമാന്‍ സ്വദേശി ശ്യാമൾ മണ്ഡലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് അലി കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കോടതി ശിക്ഷ നാളെ വിധിക്കും.
2005-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോവളം വെള്ളാറിൽ ചാക്കിൽ കെട്ടിയ നിലയിലാണ് ശ്യാമൾ മണ്ഡലിലിന്റെ മൃതദേഹം കണ്ടെത്തിയത്. പണത്തിന് വേണ്ടി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കുടുംബ സുഹൃത്താണ് കേസിലെ പ്രതി മുഹമ്മദ് അലി. കേസിലെ രണ്ടാം പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
പണത്തിന് വേണ്ടി കുടുംബ സുഹൃത്ത് മുഹമ്മദ് അലിയും കൂട്ട് പ്രതിയായ ദുർഹ ബഹദബൂറും ചേർന്ന് വിദ്യാർഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഫോർട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുടരന്വേഷണം നടത്തിയ സിബിഐയുടെ കണ്ടെത്തലും ഇതായിരുന്നു.
ശ്യാമൾ മണ്ഡലിന്റെ ഫോണ്‍ രേഖകളാണ് നിർണായകമായത്. കുടുംബ സുഹൃത്തായ മുഹമ്മദ് അലിയാണ് ശ്യാമളിനെ ഹോസ്റ്റലിൽ നിന്നും വിളിച്ചുവരുത്തിയത്. കിഴക്കേക്കോട്ടയിൽ നിന്നും ശ്യാമളിനെ മുഹമ്മദാലിയും കൂട്ടാളിയായ ദുർഹ ബഹദൂറും ചേർന്ന് തട്ടികൊണ്ടുപോവുകയായിരുന്നു.

















