പള്ളുരുത്തി: കെ.വി. തോമസ് വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് ജന്മനാടായ കുമ്പളങ്ങിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം നടത്തി.
കുമ്പളങ്ങിയുടെ തെക്കേ അറ്റത്തുനിന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതീകാത്മക ശവമഞ്ചവുമായുള്ള പ്രകടനം ദ്വീപിന്‍റെ വടക്കേയറ്റത്താണ് സമാപിച്ചത്. തുടർന്ന്, പെരുമ്പടപ്പ് പാലത്തിൽനിന്ന് ശവമഞ്ചം കായലിലേക്ക് തള്ളി. നൂറോളം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു.
പഞ്ചായത്ത് മുൻ പ്രസിഡന്‍റ് എം.പി. ശിവദത്തൻ, ബേസിൽ ചേന്നാംപിള്ളി, നെൽസൺ കോച്ചേരി, ബിജു തത്തമംഗലത്ത്, ജസ്റ്റിൻ പുത്തംവീട്ടിൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

















